ഗള്‍ഫ് പ്രതിസന്ധി: പ്രതീക്ഷയില്ലാത്ത പരിഹാരമാര്‍ഗങ്ങള്‍
അറബ്‌മേഖലയിലെ ഐക്യത്തിനു വിള്ളലേല്‍പ്പിച്ച ഖത്തര്‍ ഉപരോധസമരം ആറുമാസം പിന്നിട്ടിരിക്കുന്നു. തുടക്കത്തില്‍ത്തന്നെ ഏറെ ആശങ്കയുയര്‍ത്തിയ പ്രതിസന്ധി എളുപ്പം തീരില്ലെന്ന സൂചനകളാണ് ഇപ്പോഴുമുള്ളത്. ഇരുഭാഗവും ആരോപണങ്ങള്‍ ശക്തിയായി ഉയര്‍ത്തുകയും സ്വയംകീഴ്‌പ്പെട്ടുള്ള പ്രശ്‌നപരിഹാരത്തിന് ഒരുക്കമല്ലെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുകയുമാണ്. മുസ്‌ലിംരാജ്യങ്ങളുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറെ മങ്ങലേല്‍പ്പിച്ച പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ത്ഥശ്രമങ്ങള്‍ ഇനിയുമുണ്ടായിട്ടില്ല. വിള്ളലുകള്‍ കൂടുകയല്ലാതെ പരിഹരിക്കാനുതകുന്ന തലത്തിലേയ്ക്ക് ഇരുകൂട്ടരും എത്തിയിട്ടില്ല.
അറബ് മേഖലയില്‍ സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ഖത്തറിനെ ഒറ്റപ്പെടുത്തി തങ്ങളുടെ ഇംഗിതത്തിനു കീഴ്‌പ്പെടുത്താനുള്ള എതിര്‍രാജ്യങ്ങളുടെ ശ്രമത്തിന് ആക്കം കൂട്ടി ജൂണ്‍ നാലിനാണ് ഉപരോധം തുടങ്ങിയത്. തങ്ങള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാന്‍ ഖത്തര്‍ ഒരുക്കമല്ല. രണ്ടുവിഭാഗവും ഇപ്പോഴും തങ്ങളുടെ വാദങ്ങളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയാണ്. അയല്‍രാജ്യങ്ങളില്‍ ഭീകരതയ്ക്കു പിന്തുണയും പ്രോത്സാഹനവും നല്‍കിയെന്ന ആരോപണത്തില്‍ മുങ്ങിക്കിടക്കുന്ന ഖത്തറിന്റെ നില പരുങ്ങലിലാണ്. ഇതില്‍നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുന്നതിനും നിരപരാധിത്വം തെളിയിക്കുന്നതിനും ഖത്തറിനു സാധിക്കുന്നില്ലെന്നും അതിനു ശ്രമിക്കുന്നില്ലെന്നുമാണ് ഇതുവരെയുള്ള ഖത്തര്‍ നിലപാടുകളില്‍നിന്നു വ്യക്തമാകുന്നത്. വിവിധ തെളിവുകള്‍ നിരത്തി സഊദി അനുകൂല രാജ്യങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുകയല്ലാതെ തെളിവുകള്‍ക്കു മറുപടി പറയാന്‍ ഖത്തര്‍ സന്നദ്ധമായിട്ടില്ല.
തുടക്കത്തില്‍ ബഹിഷ്‌കരണഭീഷണി ഒഴിവാക്കുന്നതിന് ഓരോ രാജ്യങ്ങളുടെ കവാടങ്ങളിലായി മുട്ടിക്കൊണ്ടിരിക്കുന്ന ഖത്തര്‍ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതിനു മധ്യസ്ഥതയ്ക്കുള്ള ഉപാധികള്‍ മുന്നോട്ടുവച്ചെങ്കിലും അതു സ്വീകരിക്കാന്‍ മറുപക്ഷം തയാറായിരുന്നില്ല. ഭീകരതക്കും തീവ്രവാദത്തിനും പിന്തുണ നല്‍കിയും അയല്‍ രാജ്യങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തിയും ഖത്തര്‍ നടത്തിയ കുത്സിതപ്രവര്‍ത്തനങ്ങളുടെ പട്ടിക തയാറാക്കി ആഗോളസമൂഹത്തിന് സമര്‍പ്പിക്കുന്നതില്‍ സഊദിയടക്കമുള്ള എതിര്‍കക്ഷികള്‍ വിജയിച്ചിട്ടുമുണ്ട്. പ്രതിസന്ധിയുടെ തുടക്കത്തില്‍ ഏറ്റവും ശക്തിയായി പ്രശ്‌നപരിഹാരത്തിനു മുന്നോട്ടുവന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പിന്നോക്കം പോയതും ശ്രദ്ധേയമാണ്. പ്രതിസന്ധിയുടെ ആദ്യനാളുകളില്‍ പ്രശ്‌നപരിഹാരത്തിനെന്ന രീതിയില്‍ ഇരു വിഭാഗത്തെയും പല ഘട്ടങ്ങളില്‍ അമേരിക്കയുടെ ഭാഗത്തുനിന്നു തോണ്ടലും തലോടലുമുണ്ടായെങ്കിലും രണ്ടു ഭാഗത്തെയും അടുപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ലാത്ത പ്രവര്‍ത്തനമാണതെന്ന അന്നുതന്നെ നിരീക്ഷകര്‍ പറഞ്ഞിരുന്നു.
അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത് ഐക്യ ശ്രമത്തിനു തുടക്കം മുതല്‍ കഠിനശ്രമം നടത്തുന്ന കുവൈത്ത് അമീറിന്റെ ശ്രമങ്ങളാണ്. ആറുമാസം പിന്നിടുമ്പോഴും സഹകരണകൗണ്‍സില്‍ ഉച്ചകോടി തങ്ങളുടെ രാജ്യത്തുവച്ചു നടത്തി അവിടെയെങ്കിലും ധാരണ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു കുവൈത്ത്. ആറുമാസം പിന്നിട്ടപ്പോള്‍ ഗള്‍ഫ് സഹകരണ സഖ്യം തന്നെ അപ്രസക്തമാകുകയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന ഉച്ചകോടി അലസിപ്പിരിഞ്ഞതോടെ സഖ്യത്തിന്റെ ആവശ്യകത തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയാണ്.
മൂന്നുദിവസം ഉണ്ടാകുമെന്നു പ്രഖ്യാപിച്ച ഉച്ചകോടി ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിപ്പിച്ചു. ജി.സി.സി സഖ്യത്തിനു പുറമെ സഊദിയും യു.എ.ഇയും പുതിയൊരു സൈനിക, സാമ്പത്തിക, സഖ്യത്തിനു രൂപംനല്‍കിയതാണ് ജി.സി.സി ഉച്ചകോടി അലസിപ്പിരിയാന്‍ കാരണം. ഇനിയെന്തു സഖ്യമെന്ന രൂപത്തിലാണ് ഇപ്പോള്‍ ഗള്‍ഫ് സഹകരണസഖ്യം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മുപ്പതുവര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ അനൈക്യത്തിന്റെ പാതയില്‍ ഒരു ഉച്ചകോടി നടന്നത്. 1981ല്‍ രൂപീകരിച്ച ശേഷം ആദ്യമായിട്ടാണു വാര്‍ഷിക യോഗം ജി.സി.സി രാജ്യങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇതു സംഭവിക്കാന്‍ പാടില്ലെന്ന കുവൈത്തിന്റെ ശക്തമായ സമവായ നീക്കങ്ങളുടെ വിജയമായി ഉച്ചകോടി കരുതിയിരുന്നുവെങ്കിലും അതെല്ലാം വെറും കിനാക്കളാവുകയായിരുന്നു.
എന്നാല്‍, ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ ഐക്യം രൂപപ്പെടുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അഹ്്മദ് അല്‍ ജറല്ലയെ ഉദ്ധരിച്ച് ജര്‍മന്‍ വാര്‍ത്താചാനല്‍ അഭിമുഖം പുറത്തുവിട്ടിട്ടുണ്ട്. ഖത്തര്‍ ഉപരോധം ചരിത്രപരമായ തെറ്റായിരുന്നുവെന്നു തെളിയുകയാണെന്നും ഇതിലൂടെ നഷ്ടം എല്ലാവര്‍ക്കും ഉണ്ടായെന്നും അദ്ദേഹം പറയുമ്പോള്‍ പ്രതീക്ഷയുടെ നാളമുണ്ട്. കുവൈത്തിലെ നിരവധി പത്രങ്ങളുടെയും മാഗസിനുകളുടെയും എഡിറ്ററാണു ജറല്ല. ഉപരോധത്തിലൂടെ ഏറ്റവും അധികം നഷ്ടംവന്നതു ചരക്ക് നീക്കത്തിലേ കുറവിലൂടെ യു.എ.ഇക്കാണ്. ഇറാന്റെയും തുര്‍ക്കിയുടേയും കൈയ്‌മെയ് മറന്നുള്ള സഹായം മൂലം ഖത്തര്‍ കിതച്ചില്ല. ഇനി 50 വര്‍ഷം ഉപരോധിച്ചാലും ഖത്തര്‍ തകരില്ലെന്നും കണക്കുകൂട്ടുന്നു. മാത്രമല്ല പെട്ടെന്നു വിഷയം പരിഹരിക്കുന്നത് ഖത്തര്‍,ഇറാന്‍,തുര്‍ക്കി രാജ്യങ്ങള്‍ ചേര്‍ന്ന് ഗള്‍ഫില്‍ പുതിയ ശക്തി ഉണ്ടാക്കാനുള്ള നീക്കവും ഊര്‍ജിതമായിട്ടുണ്ട്. ഒമാനും ഗള്‍ഫും ഇതിലേക്ക് വരുന്നതായാണ് സൂചനകള്‍. ഇതോടെ നിലവിലേ ജി.സി.സിക്ക് തിരിച്ചടിയാകും.
ഖത്തറും സഊദിയും തമ്മില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ ഏറെ കാലത്തെ പഴക്കമുണ്ട്. സാമ്പത്തികമായി ഇരു രാജ്യങ്ങളും ശക്തരാണെങ്കിലും ശക്തിയില്‍ ആര് എന്ന ചിന്തയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് നിദാനമായി ഒരു വിഭാഗം എടുത്തു കാണിക്കുന്നത്. പ്രകൃതിവാതകത്തിന്റെ ശക്തിയില്‍ ഖത്തര്‍ കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും അല്‍ ജസീറയുടെ പ്രവര്‍ത്തനവും അതോടൊപ്പം തന്നെ ബ്രദര്‍ ഹുഡിനുള്ള സഹായവുമാണ് സഊദിയെ ഇത്തരം ഒരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രശ്‌ന പരിഹാരത്തിനയായി ഇരു രാജ്യങ്ങള്‍ക്കും ആത്മാര്‍ത്ഥമായ താല്പര്യം ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് ഒരു അനുകൂല മറുപടിയും വിട്ടു വീഴ്ച്ചയും ഇരു രാജ്യങ്ങളും തയ്യാറാവേണ്ടതാണ്. ചതുര്‍രാഷ്ട്രങ്ങള്‍ വെച്ചിരിക്കുന്ന ഉപാധികള്‍ അംഗീകരിച്ചു കൊണ്ട് അയല്‍ രാജ്യങ്ങളുടെ സഹകരണം ഖത്തറിനു തിരിച്ചു പിടിക്കാം. അല്ലെങ്കില്‍ അവര്‍ക്കിടയില്‍ നിന്നും ഖത്തര്‍ ഇനിയും സ്വയം പോരാടേണ്ടി വരും. പക്ഷേ, നിലവിലെ അവസ്ഥയില്‍ നിന്നും ക്രമേണ അകല്‍ച്ച കൂടുമ്പോള്‍ തങ്ങള്‍ക്ക് അനുകൂലമായ രാജ്യങ്ങളോടു കൂടുതല്‍ ചേര്‍ന്ന് നിന്ന് ഒരു പുതിയ ശക്തി കേന്ദ്രം രൂപപ്പെട്ടു വരുന്നതു കൂടുതല്‍ ഭീഷണി സൃഷ്ടിക്കുകയേയുള്ളൂ.
നിലവില്‍ ഭൂരിപക്ഷ അറബ്, ലോക രാജ്യങ്ങളും വ്ശ്വസിക്കുന്നതുപോലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായി മുദ്രകുത്തപ്പെട്ട ഇറാനുമായും അതോടൊപ്പം തുര്‍ക്കിയും കൂടെ ചേര്‍ന്ന് ഒരു സംഘശക്തി പ്രഖ്യാപിക്കപ്പെട്ടാല്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്കേ അറബ് രാജ്യങ്ങളെയും മധ്യേഷ്യയും കൊണ്ടെത്തിക്കുകയുള്ളൂ. ഇതിനെയെല്ലാം തടയിടാനായാണ് സഊദിയുടെ നേതൃത്വത്തില്‍ പല വിധ സഖ്യങ്ങള്‍ക്ക് രൂപം നല്‍കി ശക്തി പകരുന്നത്.
ഖത്തര്‍ കരകയറുന്നുവോ
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഉപരോധമുണ്ടാക്കിയ പ്രതിസന്ധികളില്‍നിന്നു ഖത്തര്‍ അതിവേഗം കരകയറുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിനു നിലവില്‍വന്ന ഉപരോധം ആറാം മാസത്തിലേയ്ക്കു കടക്കുമ്പോള്‍ വിവിധ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിച്ചാണു രാജ്യം പ്രതിസന്ധികളെ അതിജീവിച്ചതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഭക്ഷ്യ ഉപഭോഗത്തിന്റെ നാല്‍പതു ശതമാനവും അയല്‍രാജ്യങ്ങളില്‍നിന്ന് എത്തിയിരുന്ന ഖത്തറില്‍ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ അടച്ചുകൊണ്ടു നിലവില്‍വന്ന ഉപരോധം തുടക്കത്തില്‍ വലിയ ആശങ്കയാണുണ്ടാക്കിയത്.
ഉപരോധം ആറുമാസം പൂര്‍ത്തിയായപ്പോള്‍ രാജ്യം പ്രതിസന്ധികളെ അതിജീവിച്ചതായി ലോകമാധ്യമങ്ങളും സാമ്പത്തികവിദഗ്ദ്ധരും വിലയിരുത്തുന്നു. ഇതിനു വിരുദ്ധമായ വാര്‍ത്തകളാണു ഖത്തറുതിനകത്തുനിന്നു ലഭിക്കുന്നത്. തൊഴില്‍ ക്ഷാമവും സാമ്പത്തികഞെരുക്കവും ഇവിടെ ശക്തമാണെന്നാണ് ഇവിടെ നിന്നുള്ള വിദേശികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപരോധത്തെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ഖത്തര്‍ എയര്‍വേസിന്റെ പങ്കാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ചതുര്‍രാഷ്ട്രങ്ങളിലെ വിവിധകേന്ദ്രങ്ങളിലേയ്ക്കായി ഉണ്ടായിരുന്ന മുഴുവന്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും വിപണിയിലെ തങ്ങളുടെ മേധാവിത്വം ഉപയോഗപ്പെടുത്തി ഖത്തര്‍ എയര്‍വേയ്‌സ് ശക്തമായി പിടിച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2016 ല്‍ ബോയിംഗുമായി 18 ബില്ല്യണ്‍ ഡോളറിന്റെ ധാരണയുണ്ടാക്കിയ ഖത്തര്‍ എയര്‍വേസ് മേഖലയിലെ മറ്റു വിമാനക്കമ്പനികളുടെ മേധാവിത്തത്തിനു കനത്ത തിരിച്ചടി നല്‍കി ആധിപത്യം തുടരുകയാണ്. ഉപരോധത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ മാത്രം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഹമദ് രാജ്യാന്തരതുറമുഖത്തെ വിവിധ രാജ്യങ്ങളുമായി ബന്ധിപ്പിച്ചു പുതിയ വാണിജ്യ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ഭരണകൂടത്തിന്റെ മികവായാണു വിലയിരുത്തപ്പെടുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും കയറ്റുമതിയില്‍ കുറവുവരാത്ത കാലത്തോളം ഖത്തര്‍ സമ്പദ്‌വ്യവസ്ഥയ്ക്കു പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നും ഡോള്‍ഫിന്‍ പൈപ്പ് ലൈന്‍ വഴി യു.എ.ഇ പോലും ഇപ്പോഴും ഖത്തറില്‍നിന്നു പ്രകൃതി വാതകം സ്വീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിസന്ധികള്‍ തുടരുമ്പോഴും ഖത്തര്‍ തങ്ങളുടെ സാമ്പത്തിക അടിത്തറ ഇപ്പോഴും ശക്തിയായി കൊണ്ടുനടക്കുന്നുവെന്നാണു കണക്കുകള്‍. ഉപരോധം തുടരുമ്പോഴും അതിനെല്ലാം ശക്തമായ മറുപടി നല്‍കാന്‍ ശ്രമിക്കുന്നത് തങ്ങള്‍ക്കു ലഭിച്ച ലോകക്കപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തി അത് ലോകത്തിനു മുന്നില്‍ ഒരു വിസ്മയമായി കാണിച്ച് തങ്ങളുടെ അസ്ഥിത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമമാണ് ഖത്തര്‍ നടത്തുന്നത്. എന്നാല്‍, വരും കാലങ്ങളില്‍ ഇതിനു എത്രത്തോളം സ്വീകാര്യത ഉണ്ടാകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."