മരുന്നു വിതരണത്തിന് ജന്‍ഔഷധിയില്‍ പുതിയ സംവിധാനം ഏപ്രില്‍ മുതല്‍
തിരുവനന്തപുരം: മരുന്നു വിതരണത്തിനായി ജന്‍ഔഷധി നടപ്പില്‍ വരുത്തുന്ന പുതിയ സംവിധാനത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. സംസ്ഥാനത്ത് ഏപ്രില്‍ മാസത്തോടെ നടപ്പാകുമെന്നാണ് വിവരം.
ഇതോടെ ജന്‍ഔഷധി നേരിടുന്ന പ്രധാന പ്രശ്‌നമായ മരുന്നു വിതരണത്തിലെ കാലതാമസം പരിഹരിക്കപ്പെടും. നിലവിലുള്ള വിതരണക്കാരെ ഒഴിവാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഔഷധ വില നിര്‍ണയ സമിതിയായ ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യു (ബി.പി.പി.ഐ) വഴി നേരിട്ട് മരുന്നുകള്‍ എത്തിക്കും.
റീട്ടെയില്‍ ഫാര്‍മസി സോഫ്റ്റ്‌വെയര്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. എല്ലാ ഔഷധി സ്‌റ്റോറുകളും സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. സ്‌റ്റോറിലെ മരുന്നു ശേഖരത്തിന്റെ അളവ് കുറയുന്ന മുറയ്ക്ക് സോഫ്റ്റ്‌വെയറില്‍ ഓര്‍ഡര്‍ ലിസ്റ്റ് തയാറാവുകയും അത് ഡല്‍ഹി ആസ്ഥാനത്ത് ലഭിക്കുകയും ചെയ്യും.
അവിടെ നിന്നുള്ള സ്ഥിരീകരണ സന്ദേശത്തിന് അനുസരിച്ച് അതത് സംസ്ഥാനങ്ങളിലുള്ള ഗോഡൗണുകളില്‍നിന്ന് മരുന്നുകള്‍ എത്തിക്കും. സ്‌റ്റോറുകള്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ കൃത്യമായി പണമടക്കണമെന്ന് നിബന്ധനയുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.പി.പി.ഐയിലെ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിതരണ ശൃംഖലക്ക് രൂപം നല്‍കുന്നുണ്ട്.
നിലവില്‍ സംസ്ഥാനത്ത് 317 ജന്‍ഔഷധി സ്റ്റോറുകളാണുള്ളത്. തുടക്കത്തില്‍ തൃശൂരും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഏജന്‍സികളായിരുന്നു മരുന്ന് വിതരണം ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കൊച്ചിയിലെ ഏജന്‍സി മാത്രമാണ് രംഗത്തുള്ളത്. ഇത്രയും സ്‌റ്റോറുകളിലേക്കുള്ള മരുന്ന് വിതരണത്തിന് ഒരു ഏജന്‍സി മാത്രമാണെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ ആഴ്ചകള്‍ കഴിഞ്ഞു മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് സ്‌റ്റോര്‍ നടത്തിപ്പുകാര്‍ പറയുന്നു.
ആവശ്യത്തിന് മരുന്നില്ലാത്തതിനാല്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ഔഷധി സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. ജനത്തിന് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ജന്‍ഔഷധി ഇതോടെ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."