പാണ്ടംകോട്ടെ വ്യാജ സിദ്ധന്‍; നടപടി വേണമെന്ന് ജനകീയ സമിതി
കല്‍പ്പറ്റ: പടിഞ്ഞാറത്തറക്ക് സമീപം പാണ്ടംകോട് എന്ന സ്ഥലത്ത് മന്ത്രവാദവും വ്യാജ ചികിത്സയും നടത്തുന്ന അന്‍വര്‍ സാദത്ത് എന്ന വ്യാജ സിദ്ധനെതിരേ നടപടി സ്വീകരിക്കണമെന്ന് പാണ്ടംകോട് ജനകീയ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇയാള്‍ വര്‍ഷങ്ങളായി മന്ത്രവാദവും വ്യാജ ചികിത്സയും നടത്തി വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്.
നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കുകയും സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കുകയാണെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ചുറ്റുമതില്‍ തീര്‍ത്ത് സിസി ടി.വി കാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി അതിനുള്ളിലാണ് മന്ത്രവാദവും വ്യാജ ചികിത്സയും നടത്തുന്നത്. അന്യസംസ്ഥാനക്കാരായ നിരവധി ആളുകള്‍ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവായിരിക്കുകയാണ്.
ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളും കോഴിയുടേയും മറ്റ് അവശിഷ്ടങ്ങളും രാത്രികാലങ്ങളില്‍ ഇവിടെ നിന്നുള്ള ശബ്ദ മലിനീകരണങ്ങളും പ്രദേശവാസികളുടെ സൈ്വര്യജീവിതത്തിന് തടസം സൃഷ്ടിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചികിത്സയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ മുന്‍പ് പൊലിസ് കേസെടുത്തിരുന്നു. ചില പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഇവിടെ എത്തുന്നുണ്ടെന്നും ഇയാള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
പൊഴുതനയില്‍ ഓട്ടോ ഡ്രൈവറായിരുന്ന അന്‍വര്‍ സാദത്ത് കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി ഭൂമിയും ആഡംബര വാഹനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
ഇയാളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പാണ്ടംകോട് ജനകീയ സമിതി അംഗങ്ങളായ പി.ഡി പീറ്റര്‍, എം.കെ സദാശിവന്‍, ഷമീര്‍ കടവണ്ടി, റഷീദ് വാഴയില്‍, ഷംസുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."