വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: സുരേഷ് ഗോപിയെയും അമല പോളിനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബരകാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച കേസില്‍ നടി അമല പോളിനെയും നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാവിലെ 11.15 ഓടെയാണ് അമല പോള്‍ പൊലിസ് ആസ്ഥാനത്ത് എത്തിയത്. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ അമലയെ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു.
താന്‍ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്നും അമല പോള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ വിലാസത്തിലാണല്ലോ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
പുതുച്ചേരിയില്‍ സ്ഥിര താമസമാക്കിയ താങ്കളുടെ വാഹനം കേരളത്തിലാണല്ലോ ഓടുന്നതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. അഭിഭാഷകരൊപ്പമാണ് അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി അമല ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
നേരത്തെ ക്രൈംബ്രാഞ്ച് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് അമല പോള്‍ സമര്‍പ്പിച്ച ഹരജി കോടതി 19ന് പരിഗണിക്കും.
പുതുച്ചേരിയില്‍ അമല പോള്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. രജിസ്‌ട്രേഷനായി നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നായിരുന്നു കണ്ടെത്തിയത്. വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍, പുതുച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കാന്‍ അവിടെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവിടെ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നടി നികുതി അടച്ചത്.
രണ്ടുപേരുടെ ആള്‍ ജാമ്യത്തിലും ഒരുലക്ഷം രൂപയുടെ ബോണ്ടിനുമാണ് സുരേഷ്‌ഗോപിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 21ന് സുരേഷ് ഗോപിയെ മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ആഡംബര കാറുകള്‍ക്ക് വന്‍തുക നികുതി നല്‍കേണ്ടി വരുമെന്നതിനാല്‍ അതൊഴിവാക്കുന്നതിനാണ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരേ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.
ആരോപണം ഉയര്‍ന്നതോടെ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, രേഖകളില്‍ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ തീരുമാനിച്ചത്.
നേരത്തെ സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ഡിസംബര്‍ 25ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയതായും പിഴയടയ്ക്കാന്‍ തയാറാണെന്നും ഫഹദ് അന്വേഷണസംഘത്തിന് മുന്‍പാകെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."