ഗോവിന്ദന്‍മൂല ചിറയ്ക്ക് സമീപം ശിലാചിത്രങ്ങള്‍ പതിറ്റാണ്ടുകള്‍ മുന്‍പേ പരിസരവാസികള്‍ ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന്
കല്‍പ്പറ്റ: എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരത്തിലെ ഗോവിന്ദന്‍മൂല ചിറയ്ക്ക് സമീപം ശിലാചിത്രങ്ങള്‍ കണ്ടെത്തിയെന്ന എഴുത്തുകാരനും ഗവേഷകനുമായ ഒ.കെ ജോണിയുടെ അവകാശവാദം വിവാദത്തിലേക്ക്. ചിറയ്ക്കടുത്ത് പാറയിലുള്ള കോറലുകള്‍ പതിറ്റാണ്ടുകള്‍ മുന്‍പേ പരിസരവാസികള്‍ ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന വാദവുമായി വയനാട് പൈതൃക സംരക്ഷണ സമിതി രംഗത്തുവന്ന സാഹചര്യത്തിലാണിത്.
പാറയിലുള്ള ചിത്രങ്ങള്‍ക്ക് എടക്കല്‍ റോക്ക് ഷെല്‍ട്ടറിലെയും തൊവരിമലയിലെയും ശിലാലിഖിതങ്ങള്‍ക്കുള്ള പഴക്കം കണ്ടേക്കുമെന്നും ചരിത്രപണ്ഡിതരുടെ സ്ഥിരീകരണം നേടുംമുന്‍പേ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ ജോണി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചിറയ്ക്കടുത്ത് പാറയിലുള്ളത് പ്രകൃത്യാ സംഭവിച്ച കോറലുകളാകാനാണ് സാധ്യതയെന്ന് പൈതൃക സംരക്ഷണ സമിതി കണ്‍വീനര്‍ തോമസ് അമ്പലവയല്‍, കെ.പി ജേക്കബ്, എന്‍. ബാദുഷ, ബാബു മൈലമ്പാടി, എം ഗംഗാധരന്‍ എന്നിവര്‍ പറഞ്ഞു.
ഇതേക്കുറിച്ച് ആധികാരികമായി പറയേണ്ടത് ചരിത്രപണ്ഡിതരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അമ്പലവയലില്‍നിന്നു നെന്മേനി പഞ്ചായത്തിലെ മലവയല്‍ വഴി ബത്തേരിക്കുള്ള പ്രധാന പാതയോടു ചേര്‍ന്നാണ് ഗോവിന്ദന്‍മൂല.
ഇവിടെ പ്രദേശവാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ചിറയുടെ കരയിലാണ് കോറലുകളുള്ള ശില. ഇതിനെ പുതിയ കണ്ടുപിടിത്തമായി അവതരിപ്പിക്കുകയും ചരിത്രരേഖകളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ചരിത്രത്തെ വക്രീകരിക്കലാണ്. ചിറയ്ക്കടുത്തുള്ള പാറയിലെ കോറലുകള്‍ കുപ്പാടിക്കാക്ക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പരേതനായ അബ്ദുറഹ്മാന്‍ വര്‍ഷങ്ങള്‍ മുന്‍പുതന്നെ ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. ഗോവിന്ദന്‍മൂലയില്‍നിന്ന് എടക്കല്‍ റോക്ക് ഷെല്‍ട്ടറിലേക്കുള്ള ട്രക്കിങ് പാത്തിനോടു ചേര്‍ന്നുമാണ് ചിറയും കോറലുകളുള്ള പാറയും. ചരിത്രപൈതൃകങ്ങള്‍ കണ്ടുപിടിക്കാത്തതല്ല.
കണ്ടുപിടിച്ചത് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകാത്തതാണ് വയനാട്ടിലെ ചരിത്രസമ്പത്തുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഗോവിന്ദന്‍മൂലയിലെ പാറയിലേതുപോലുള്ള കോറലുകള്‍ അമ്പുകുത്തിമലയുടെ വിവിധ ഭാഗങ്ങളിലുള്ള വേറേയും ശിലകളിലുണ്ട്. ഇതുസംബന്ധിച്ച് ചരിത്രകാരന്മാര്‍ ഇപ്പോഴും നിഗമനത്തില്‍ എത്തിയിട്ടില്ല. തൊവരി ചിത്രങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് എന്‍.എം ജോസ്, പരേതനായ കൂരിയാടന്‍ അബ്ബാസ് തുടങ്ങിയ തദ്ദേശവാസികളാണ്.
ചരിത്രപൈതൃകങ്ങളെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ട തൊവരി ചിത്രങ്ങള്‍, മുനിയറകള്‍, നന്നങ്ങാടികള്‍, ജൈനബസ്തികള്‍ തുടങ്ങിയവ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. അവഗണിക്കപ്പെട്ടുകിടക്കുന്ന ചരിത്രസമ്പത്തുകളുടെ സംരക്ഷണത്തിനു എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുവരണം.
വയനാട്ടിലെ ചരിത്രപൈതൃകങ്ങള്‍ സംബന്ധിച്ച് ചരിത്രപണ്ഡിതരുടെ പങ്കാളിത്തം ഉറപ്പുവരുത്തി മാര്‍ച്ച് മൂന്നാം വാരം കോഴിക്കോട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."