ഇസ്റാഈല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി: ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങളാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. ഇന്നലെ ഇന്ത്യാഗേറ്റിന് സമീപവും ഇസ്റാഈല്‍ എംബസിക്കു മുമ്പിലുമാണ് വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നത്. ഫലസ്തീന് ജനതയോട് ഇസ്റാഈല്‍ നടത്തുന്ന ക്രൂരതകള്‍ ചിത്രീകരിച്ച പ്ലക്കാര്‍ഡുകളേന്തിയും ഇസ്റാഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്ത്തിയുമാണ് പ്രതിഷേധം നടന്നത്.
ഇന്ത്യന്‍ ജനത ഫലസ്തീനൊപ്പം എന്ന ബാനറും ഫലസ്തീന്റെയും ഇന്ത്യയുടെയും പതാകയുമുയര്‍ത്തി എ.പി.ജെ അബ്ദുല്‍ കലാം റോഡിലുള്ള ഇസ്റാഈല്‍ എംബസിയിലേക്ക് വിവിധ സാമൂഹിക സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറകണക്കിനു പേര് പങ്കെടുത്തു. നെതന്യാഹുവിനും ഇസ്റാഈലിനുമെതിരേ മുദ്രവാക്യം വിളിച്ചെത്തിയ മാര്‍ച്ച് ഷാജഹാന് റോഡില്‍ പൊലിസ് തടഞ്ഞു.
ഫലസ്തീനില്‍ അതിക്രമിച്ചുകയറിയും അവരുടെ സ്ഥലങ്ങള്‍ പിടിച്ചെടുത്തും ഇസ്റാഈല്‍ ക്രൂരത തുടരുകയാണ്. ഇസ്റാഈലിനെയും അവരുടെ നയങ്ങളേയും ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ത്യഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ സംസാരിച്ച സി.പി.ഐ നേതാവ് ഡി.രാജ എം.പി പറഞ്ഞു. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ഇസ്റാഈല്‍ എംബിസയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നെതന്യാഹുവിന്റെ കോലം കത്തിച്ചു. ആറു ദിവസത്തെ സന്ദര്‍ശനത്തിനാണ് 130 അംഗ വ്യവസായ സംഘത്തിന്റെ കൂടെ നെതന്യാഹു ഇന്ത്യയിലെത്തിയത്. ഡല്‍ഹിക്കുപുറമെ ആഗ്ര, ഗുജറാത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."