ബേനസീര്‍ ഭൂട്ടോ വധം: ഒടുവില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് തെഹ്‌രീകെ താലിബാന്‍ രംഗത്ത്. ഇതാദ്യമായാണ് ഭൂട്ടോ വധത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുന്നത്. ഭീകരസംഘത്തിന്റെ നേതാവ് അബൂ മന്‍സൂര്‍ അസീം മുഫ്തി നൂര്‍ വലി എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
'ഇങ്കിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്താന്‍: ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം' എന്നാണു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിന്റെ പേര്. സഈദ് എന്ന ബിലാല്‍, ഇക്‌റാമുല്ല എന്നിവരെയാണ് ഭൂട്ടോയെ വധിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ആദ്യം പിസ്റ്റളില്‍നിന്ന് ഭൂട്ടോക്കുനേരെ വെടിയുതിര്‍ത്ത ബിലാല്‍ അവരുടെ കഴുത്തില്‍ ബുള്ളറ്റ് കൊണ്ട് ഇടിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് സ്‌ഫോടകവസ്തു ശരീരത്തില്‍ ഘടിപ്പിച്ച് സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു. ഇതേ വര്‍ഷം ഒക്ടോബറില്‍ കറാച്ചിയില്‍ 140 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും തങ്ങളാണെന്നു പുസ്തകത്തില്‍ അവകാശപ്പെടുന്നു. പാക് താലിബാന്റെ ചരിത്രവും അക്രമപ്രവര്‍ത്തനങ്ങളും അടയാളപ്പെടുത്തുന്നതാണു പുസ്തകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."