ബംഗ്ലാദേശില്‍നിന്ന് റോഹിംഗ്യകള്‍ 23ന് മടക്കയാത്ര ആരംഭിക്കും
യാങ്കോണ്‍: റോഹിംഗ്യാ ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങള്‍ അംഗീകരിച്ച മ്യാന്മര്‍ ഒടുവില്‍ അഭയാര്‍ഥി ക്യാംപുകളും തുറക്കുന്നു. ബംഗ്ലാദേശില്‍നിന്നു മടങ്ങുന്ന റോഹിംഗ്യാ മുസ്‌ലിംകളെയും ഹിന്ദു അഭയാര്‍ഥികളെയും പുനരധിവസിപ്പിക്കാനായി പുതിയ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മ്യാന്മര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം സജ്ജമാകുമെന്നാണു വിവരം. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മ്യാന്മര്‍ തലസ്ഥാനമായ നായ്പിയാദോവില്‍ ബംഗ്ലാദേശ്-മ്യാന്മര്‍ സംയുക്ത സംഘത്തിന്റെ ഏകദിന യോഗം ഇന്നലെ വിളിച്ചുചേര്‍ത്തിരുന്നു.
രാജ്യത്തേക്കു തിരികെകൊണ്ടുവരുന്ന റോഹിംഗ്യകളുടെ എണ്ണം നിശ്ചയിക്കാനും രാജ്യത്തേക്കു കടക്കുമ്പോള്‍ നിരീക്ഷിക്കേണ്ട രീതികളെ കുറിച്ച് ആലോചിക്കാനുമായായിരുന്നു യോഗം. ഈമാസം 23 മുതല്‍ മടക്കയാത്ര ആരംഭിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. സൈനിക നടപടിയെ തുടര്‍ന്ന് രാജ്യംവിട്ട റോഹിംഗ്യകളെ തിരികെകൊണ്ടുവന്നു പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ കരാറില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇക്കാര്യത്തില്‍ ധാരണയായത്. അഭയാര്‍ഥികളുടെ മടക്കയാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പടിഞ്ഞാറന്‍ മ്യാന്മറിലെ റാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അതിക്രമം ആരംഭിച്ചത്. ഓഗസ്റ്റ് 25ന് ഇവിടത്തെ ന്യൂനപക്ഷ തീവ്രസംഘമായ ആര്‍സ പൊലിസ് വാഹനങ്ങള്‍ കത്തിച്ചതിനു പ്രതികാരമായായിരുന്നു സൈനിക നടപടി. ആയിരക്കണക്കിനു വീടുകള്‍ ചുട്ടെരിച്ച സൈന്യം നിരവധി പേരെ വധിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് 6,50,000 പേര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ ഔദ്യോഗിക കണക്ക്. സൈനിക നടപടിയെ യു.എന്നും ലോകരാഷ്ട്രങ്ങളും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടക്കമുള്ള ലോകനേതാക്കളും ശക്തമായി അപലപിച്ചിരുന്നെങ്കിലും മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകി അനുബന്ധ നടപടികള്‍ കൈക്കൊണ്ടിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."