മറയൂരില്‍ 79 ടണ്‍ ചന്ദനം ലേലം 17, 18 തിയതികളില്‍
തൊടുപുഴ: മറയൂര്‍ സാന്‍ഡല്‍ വുഡ് ഡിവിഷനുകീഴില്‍ ചന്ദന ലേലം 17, 18 തീയതികളില്‍ നടക്കും. ഇ-ലേലത്തിന് 79 ടണ്‍ ചന്ദനമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ നിയമപരമായി നടക്കുന്ന ഏക ചന്ദന ലേലമാണ് മറയൂരിലേത്. വിലായക് ബുദ്ധ്, ചൈന ബുദ്ധ്, പഞ്ചം, ഗോഡ്‌ല, ദാഡ് ബാഡ്‌ല, ബദ്രാദാദ് തുടങ്ങിയ മുന്തിയ ഇനങ്ങളും ഏറ്റവും ഗുണനിലവാരം കുറഞ്ഞ ജയ് പോക്കല്‍ ഉള്‍പ്പെടെ 15 ക്ലാസുകളിലായി തരം തിരിച്ച് 245 ലോട്ടുകളായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
ഏകദേശം 125 കോടിയോളം രൂപയുടെ ചന്ദനമാണുള്ളത്. സംസ്ഥാന വനം വകുപ്പിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മെറ്റല്‍ സ്‌ക്രാപ്‌സ് ട്രേഡിങ് കോര്‍പറേഷന്‍ (എം.എസ്.റ്റി.സി) നേരിട്ടാണ് ലേലം നടത്തുന്നത്. വനമേഖലയില്‍ ഉണങ്ങി നിന്നിരുന്ന ചന്ദന മരങ്ങള്‍ ശേഖരിച്ചാണ് ലേലത്തിന് എത്തിച്ചിട്ടുള്ളത്. ബാക്കി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ നിന്നതും കേസുകളില്‍പെട്ടതുമാണ്. കേരളത്തില്‍ സ്വകാര്യ വ്യക്തികളുടെ മരങ്ങള്‍ വിറ്റു കിട്ടുന്ന തുകയുടെ 5 ശതമാനം വനം വകുപ്പ് എടുത്ത ശേഷം ബാക്കി തുക വസ്തു ഉടമയ്ക്ക് നല്‍കും. കഴിഞ്ഞ ജൂലൈ മാസത്തില്‍ നടന്ന ലേലത്തില്‍ 12 കോടിയോളം രൂപ സര്‍ക്കാരിലേക്ക് ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചന്ദന ലേലത്തിലൂടെ 46 കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. പ്രധാനമായും ക്ഷേത്രങ്ങളും സോപ്പ് സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളുമാണ് ചന്ദനത്തിന്റെ ആവശ്യക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."