കരിപ്പൂര്‍: റണ്‍വേയ്‌ക്കൊപ്പം ഐ.എല്‍.എസ് സംവിധാനവും പ്രവര്‍ത്തനക്ഷമമാകുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ റണ്‍വേ മാര്‍ച്ച് ഒന്നു മുതല്‍ തുറന്നുനല്‍കുമ്പോള്‍ പുതുതായി സ്ഥാപിച്ച ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സംവിധാനവും(ഐ.എല്‍.എസ്) പ്രവര്‍ത്തനക്ഷമമാകുന്നു. വിമാനത്താവളത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ പുതുതായി സ്ഥാപിച്ച ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സംവിധാനമാണ് മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം തുടങ്ങുക.
2015 ജൂണ്‍ മുതലാണ് കരിപ്പൂര്‍ റണ്‍വേ നവീകരണ പ്രവൃത്തികള്‍ തുടങ്ങിയത്. ഇതിനായി പകല്‍ 12 മുതല്‍ രാത്രി എട്ടു വരെ വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് മുതല്‍ നിയന്ത്രണം നീക്കി മുഴുവസമയവും വിമാനത്താവളം പ്രവര്‍ത്തിക്കും. കരിപ്പൂരില്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ പുതിയ ഐ.എല്‍.എസ് സ്ഥാപിക്കുന്നതിന്റെ ജോലികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍, ഐ.എല്‍.എസിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ ഡല്‍ഹിയില്‍നിന്ന് കാലിബറേഷന്‍ വിമാനം എത്താന്‍ വൈകിയതിനാല്‍ പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നില്ല.
ഡല്‍ഹിയില്‍നിന്നു വിദഗ്ധ സംഘമെത്തിയാണ് രണ്ടു മാസം മുന്‍പ് ഐ.എല്‍.എസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതു സ്ഥാപിച്ചതിനു ശേഷം കാലിബറേഷന്‍ വിമാനത്തിന്റെ പരിശോധന ഒരു മാസംമുന്‍പാണ് നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐ.എല്‍.എസിന് കമ്മിഷന്‍ ചെയ്യുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്.
മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുന്നതിനുളള അനുമതി വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നോട്ടാം (നോട്ടീസ് ടു എയര്‍മാന്‍) വിമാന പൈലറ്റുമാര്‍ക്ക് കൈമാറി. മാര്‍ച്ച് ഒന്നിനു വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി മുഴുവന്‍ സമയവും പ്രവര്‍ത്തനം ആരഭിക്കുന്നതോടെ ഐ.എല്‍.എസും പ്രവര്‍ത്തിപ്പിക്കാനാണ് അതോറിറ്റിയുടെ നീക്കം.
മഴയിലും മഞ്ഞിലും വിമാനങ്ങള്‍ക്കു കൃത്യമായി റണ്‍വേയില്‍ ഇറങ്ങാനായി നേര്‍രേഖ കാണിക്കാന്‍ സഹായിക്കുന്ന യന്ത്രമാണ് ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റം. മലകളാല്‍ ചുറ്റപ്പെട്ട കരിപ്പൂരില്‍ കനത്ത മഴയിലും മഞ്ഞിലും മഴമേഘങ്ങള്‍ താഴ്ന്നിറങ്ങുന്ന പ്രതിഭാസമാണ് കാണപ്പെടുന്നത്. ഇതോടെ റണ്‍വേയിലിറങ്ങാനാവാതെ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ട ഗതികേടാണുള്ളത്. ഇതൊഴിവാക്കാനാണ് രണ്ടാമത് ഐ.എല്‍.എസ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."