പോര് മുറുകുന്നു; ഊര്‍ങ്ങാട്ടിരിയില്‍ നയം വ്യക്തമാക്കി സി.പി.ഐ
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ സി.പി.എം-സി.പി.ഐ പോരിന് ആക്കംകൂട്ടി പൂവത്തിക്കലില്‍ സി.പി.ഐയുടെ രാഷ്ട്രീയ വിശദീകരണ സമ്മേളനം. വാക്പോരിനു പുറമേ കൈയാംകളിയും കോടതി കയറലും ഇരു പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും ഉറക്കംകെടുത്തുന്നതിനിടെയാണ് സി.പി.ഐ ലോക്കല്‍ കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ച് സി.പി.എമ്മിനെതിരേ തിരിഞ്ഞത്.
സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ സി.പി.എം നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളില്‍ ആഭ്യന്തര വകുപ്പിനെ ദുരുപയോഗം ചെയ്തു കള്ളക്കേസെടുക്കുന്നതിലും സമ്മേളനം പ്രതിഷേധിച്ചു. സി.പി.എമ്മില്‍നിന്നു സംഘടനാ പ്രശ്നംമൂലം അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ സി.പി.ഐ പ്രവര്‍ത്തകരെ പഴിചാരിയിട്ടു കാര്യമില്ലെന്നും സി.പി.ഐ നേതാക്കള്‍ തുറന്നടിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി കൊല്ലംകൊല്ലിയില് പുതിയ ക്വാറിക്ക് അനുമതി നല്‍കിയത് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞതിനു വിരുദ്ധമാണെന്നും മുന്നണി യോഗം വിളിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഒറ്റയ്ക്കെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതിന് അക്രമം അഴിച്ചുവിട്ടാല്‍ നോക്കിനില്‍ക്കാനാകില്ലെന്നും സമ്മേളനം മുന്നറിയിപ്പ് നല്കി.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ടി മൊയ്തീന്‍കുട്ടി അദ്ധ്യക്ഷനായി. ഏറനാട് മണ്ഡലം സെക്രട്ടറി പി.ടി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സഫീര്‍ കിഴിശ്ശേരി, കെ.വി ജയപ്രകാശ്, കരീം വാരിയത്ത്, പി.ടി.എ സലാം, ബാബു ഗോകുലം, വി.കെ ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."