ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്
സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 335 റണ്‍സില്‍ പുറത്തായ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 307 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 28 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 118 റണ്‍സ് ലീഡില്‍. മഴയും പിന്നീട് വെളിച്ചക്കുറവും നേരിട്ടതിനെ തുടര്‍ന്ന് മൂന്നാം ദിനം മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
50 റണ്‍സുമായി മുന്‍ ക്യാപ്റ്റന്‍ എ.ബി ഡിവില്ല്യേഴ്സും 36 റണ്‍സുമായി ഡീന്‍ എല്‍ഗാറും പുറത്താകാതെ ക്രീസില്‍ നില്ക്കുന്നു. ഓപണര്‍ മാര്‍ക്രം, വണ്‍ഡൗണ്‍ ബാറ്റ്സ്മാന് ഹാഷിം അംല എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇരുവരും ഓരോ റണ്‍സില്‍ പുറത്തായി. ജസ്പ്രിത് ബുമ്റയാണ് വീണ്ട രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒറ്റയാള്‍ പോരാട്ടത്തിലൂടെ കരുത്തായി നിന്നു. വാലറ്റത്ത് ആര് അശ്വിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ മികച്ച പോരാട്ടം പുറത്തെടുത്തു.
85 റണ്‍സുമായി പുറത്താകാതെ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന കോഹ്ലി 21ാം ശതകം നേടിയാണ് പൊരുതിയത്. 217 പന്തുകള്‍ നേരിട്ട് 15 ഫോറുകളുടെ അകമ്പടിയില്‍ കോഹ്ലി 153 റണ്‍സാണ് അടിച്ചെടുത്തത്. കൂടെ വന്നവരെല്ലാം മടങ്ങിയപ്പോഴും അക്ഷോഭ്യനായി നിന്ന കോഹ്ലി പത്താം വിക്കറ്റായി മടങ്ങുമ്പോള്‍ ഇന്ത്യക്ക് ലീഡിലേക്ക് 28 റണ്‍സ് കൂടി വേണമായിരുന്നു. അശ്വിന് 54 പന്തുകള്‍ നേരിട്ട് 38 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്കായി മോണ്‍ മോര്‍ക്കല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കേശവ് മഹാരാജ്, ഫിലാന്‍ഡര്‍, റബാഡ, എന്‍ഗിഡി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."