തങ്ങളുപ്പാപ്പ ഉറൂസ് നിറവില്‍ നെല്ലിക്കുന്ന്
കാസര്‍കോട്: ജാതിമത ഭേദമന്യേ ജനങ്ങള്‍ ആഘോഷിക്കുന്ന നെല്ലിക്കുന്ന് തങ്ങളുപ്പാപ്പ ഉറൂസിന്റെ നിറവിലാണ് നെല്ലിക്കുന്ന് ഗ്രാമം. മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ വടക്കന്‍ കേരളത്തിലെ അപൂര്‍വം ജുമാമസ്ജിദുകളില്‍ ഒന്നാണ് നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്. മാലിക് ദീനാറും സംഘവും ഇസ്്‌ലാം മത പ്രചാരണത്തിനായി കേരളത്തിലെത്തി വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ പണിയുന്ന കാലത്തു തന്നെ പണിതതാണ് നെല്ലിക്കുന്നിലെയും പള്ളി.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളി പഴയ പ്രൗഢി വിളിച്ചോതുന്നുണ്ട്. കാലാനുസൃതമായ സൗകര്യങ്ങളോടെ മാറ്റം വരുത്തിയെങ്കിലും പഴയ മിഹ്‌റാബും അകത്തെ പള്ളിയും അതേപടി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. നെല്ലിക്കുന്ന് എന്ന പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധമുള്ള മുഹമ്മദ് ഹനീഫ് എന്ന തങ്ങള്‍ ഉപ്പാപ്പയാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
അമാനുഷിക സിദ്ധി നല്‍കി ദൈവം അനുഗ്രഹിച്ച പുണ്യാത്മാവായിരുന്നു മുഹമ്മദ് ഹനീഫ് വലിയുല്ലാഹി എന്ന തങ്ങളുപ്പാപ്പ. കൊല്ലം കരുനാഗപ്പള്ളിയില്‍ 1882ലാണ് തങ്ങളുപ്പാപ്പയുടെ ജനനം. വിവിധ ദിക്കുകളിലും പ്രദേശങ്ങളിലും സഞ്ചരിച്ച ഉപ്പാപ്പ ദൈവഭക്തി, സ്വഭാവ വൈശിഷ്ട്യം എന്നി ഗുണങ്ങളാല്‍ എല്ലാവരുടെയും സ്‌നേഹാദരവ് പിടിച്ചുപറ്റിയിരുന്നു.
തന്റെ യാത്രയുടെ ഭാഗമായി നെല്ലിക്കുന്ന് പള്ളി സന്ദര്‍ശിക്കുകയും വര്‍ഷങ്ങളോളം ഇവിടെ അദ്ദേഹം കഴിഞ്ഞതായും പഴമക്കാര്‍ പറയുന്നു.
ഈ കാലയളവില്‍ അദ്ദേഹം പല അത്ഭുതസിദ്ധികളും കാട്ടിയിട്ടുണ്ട്. 1962 ല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ഓര്‍മക്കായാണ് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉറൂസ് ആചരിക്കുന്നത്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മഖാം സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയതോടെയാണ് തങ്ങളുപ്പാപ്പ ഉറൂസ് കൂടുതല്‍ ജനകീയമായത്.
കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് മഖാം സന്ദര്‍ശിച്ച മറ്റു പ്രമുഖര്‍.
ആഗ്രഹസാഫല്യങ്ങള്‍ നേടുവാനായി ജാതിമത ഭേദമന്യേ ആയിരങ്ങളാണ് ഉറൂസ് സമയത്തും അല്ലാതെയുമായി ഇവിടെയെത്തുന്നത്.
ഈവര്‍ഷത്തെ ഉറൂസ് പരിപാടിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജനറല്‍ സെക്രട്ടറിയായി വിപുലമായ സംഘാടകസമിതി പ്രവര്‍ത്തിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."