സഊദിയും ജപ്പാനും തമ്മില്‍ സാമ്പത്തിക, സഹകരണ വ്യപാരരംഗത്ത് കരാറുകളില്‍ ഒപ്പവച്ചു
റിയാദ്: സഊദിയും ജപ്പാനും തമ്മില്‍ വിവിധ മേഖലകളില്‍ കരാറുകളില്‍ ഒപ്പുവച്ചു. ഞായറാഴ്ച റിയാദില്‍ നടന്ന സഊദി അറേബ്യ-ജപ്പാന്‍ ബിസിനസ് ഫോറത്തിലാണ് സാമ്പത്തിക, ഊര്‍ജ്ജ, വാണിജ്യ രംഗത്ത് വിവിധകരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനായി ജപ്പാന്‍ ധകാര്യ മന്ത്രി ഹിരോഷിഗേ സീക്കോയുടെ നേതൃത്വത്തിലുള്ള 60 ജാപ്പനീസ് കമ്പനി പ്രതിനിധികളാണ് സഊദിയില്‍ എത്തിച്ചേര്‍ന്നത്. സഊദി-ജാപ്പനീസ് വിഷന്‍ 2030 എന്ന പേരില്‍ സഊദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ: മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തില്‍ സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാഗിയ) ആണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. സംഗമത്തില്‍ മൂന്നു പ്രമുഖ ജാപ്പനീസ് കമ്പനികള്‍ക്ക് നിക്ഷേപക ലൈസന്‍സും അനുവദിച്ചു.
സഊദിയില്‍ വന്‍ നിക്ഷേപ സാധ്യത തേടി ഊര്‍ജ്ജം, വൈദ്യുതി, പശ്ചാത്തല വികസനം, ലോജിസ്റ്റിക്‌സ് , ആരോഗ്യം, വിനോദം, കാര്‍ഷിക രംഗം, ഭക്ഷ്യ മേഖല, ഐ.റ്റി, ബാങ്കിങ്, സാമ്പത്തിക സേവനം തുടങ്ങിയ മേഖലകളില്‍ നിന്നായി അറുപതോളം ജാപ്പനീസ് കമ്പനികളാണ് സംഗമത്തില്‍ പങ്കെടുത്തത്. സാമ്പത്തിക, അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലെ പ്രശസ്തരായ എസ്.എം.ബി.സി , പുനരുല്‍പാദന ഊര്‍ജ്ജ രംഗത്തെ അതികായരായ എസ്.ബി എനര്‍ജി, വ്യവസായ മേഖലയിലെ പ്രമുഖരായ ടാഡാണോ എന്നീ മൂന്ന് പ്രമുഖ ജാപ്പനീസ് കമ്പനികള്‍ക്ക് നിക്ഷേപ ലൈസന്‍സും നല്‍കിയിട്ടുണ്ട്.
ഏറ്റവും സുരക്ഷിതമായ അന്തരീക്ഷത്തില്‍ ലാഭകരമായ രീതിയില്‍ വ്യവസായം ചെയ്യുന്നതിന് സൗകര്യം ചെയ്തു കൊടുക്കാമെന്നു രാജ്യം ഉറപ്പു നല്‍കിയതായി ഡോ: മാജിദ് അല്‍ ഖസബി പറഞ്ഞു. സഊദിയുടെ പ്രധാന ബിസിനസ് പങ്കാളിയായ ജപ്പാന്‍ നിലവില്‍ 117.9 ബില്യണ്‍ ഡോളറിന്റെ വാണിജ്യ ഇടപാടുകളാണ് നടത്തുന്നത്. ബിസിനസ് മീറ്റിനെത്തിയ ജപ്പാന്‍ വാണിജ്യ മന്ത്രി ഹിരോഷിഗേ സീക്കോ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല് അസീസ് രാജാവുമായും കൂടിക്കാഴ്ച്ച നടത്തി. സഊദി-ജപ്പാന്‍ വിഷന്‍ 2030 നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."