ഐ.ഒ.സി സമരം ആറാം ദിവസത്തിലേക്ക്; ഗ്യാസ് ക്ഷാമം രൂക്ഷം
തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ സി) പാചക വാതക ബോട്ടിലിംഗ് പ്ലാന്റിലെ തൊഴിലാളികളുടെ സമരം തുടര്‍ച്ചയായി ആറാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ മധ്യ കേരളത്തില്‍ ഗ്യാസ് ക്ഷാമം രൂക്ഷമാകുന്നു.
പ്രശ്‌നം പരിഹരിക്കുന്നതിന് തിങ്കളാഴ്ച ജില്ലാ കലക്ടറുമായി കമ്പനി മാനേജ്‌മെന്റിന്റെയും യൂനിയന്റെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പ്ലാന്റില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനം ചൊവ്വാഴ്ച രാവിലെ പത്തിന് അറിയിക്കാമെന്ന് ഐ.ഒ.സി മാനേജ്‌മെന്റ് ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.
എന്നാല്‍ കമ്പനി മറുപടി നല്‍കിയില്ല. തുടര്‍ന്ന് പ്ലാന്റില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നതുവരെ സമരം ശക്തമാക്കാന്‍ യൂനിയന്‍ നേതാക്കളും തൊഴിലാളികളും തീരുമാനിക്കുകയായിരുന്നു.
ഇന്നലെ തൊഴിലാളികള്‍ കമ്പനി റോഡില്‍ ഉപരോധസമരം നടത്തി. പ്ലാന്റ് മാനേജര്‍ ഉള്‍പ്പടെയുള്ളവരെ തടയുകയും കമ്പനിക്കകത്ത് കടക്കാന്‍ തൊഴിലാളികള്‍ ഇവരെ അനുവദിച്ചതുമില്ല. റോഡില്‍ കുത്തിയിരുന്ന തൊഴിലാളികള്‍ അവിടെവച്ചുതന്നെ ഭക്ഷണം പാചകം ചെയ്തു കഴിച്ച് പ്രതിഷേധിച്ചു. ഇന്നുമുതല്‍ സംസ്ഥാനത്തെ മറ്റ് പ്ലാന്റുകളിലെക്കും സമരം വ്യാപിപ്പിക്കാനാണ് തൊഴിലാളി യൂനിയനുകളുടെ തീരുമാനം.
ഐ.ഒ.സി.യുടെയും ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ പഌന്റുകളും സ്തംഭിപ്പിക്കുവാനുമാണ് തൊഴിലാളികളുടെ തീരുമാനം. സമരം വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്തു പാചകവാതക വിതരണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."