സന്ധിയില്ലാതെ പോരാടി, ഒടുവില്‍ വിജയം; ലോ അക്കാദമി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട സന്ധിയില്ലാ പോരാട്ടത്തിനൊടുവില്‍ ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം അവസാനിച്ചു. വിദ്യാര്‍ഥികളും മാനേജ്മെന്റുമായും വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സമരത്തില്‍നിന്ന് പിന്മാറാന് വിദ്യാര്‍ഥികള്‍ തീരുമാനിച്ചു.
ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പു നല്കി. പുതിയ പ്രിന്‍സിപ്പലിനെ കാലാവധിയില്ലാതെ നിയമിക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നല്കി. സമരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയില്‍ എല്ലാവരും പൂര്‍ണമായി സഹകരിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് കരാര്‍ ലംഘനമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടും. അടുത്ത ദിവസം ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമരം വിജയിച്ചതായി വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. സമരസ്ഥലത്ത് വിദ്യാര്‍ഥികളുടെ വിജയാഹ്ലാദ പ്രകടനം നടന്നു. തങ്ങള്‍ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായും എസ്.എഫ്.ഐയുമായുണ്ടാക്കിയ കരാര്‍ തള്ളി പുതിയ കരാര്‍ എഴുതി നല്‍കിയതായും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. നേരത്തെ സമരത്തില്‍ പിന്മാറിയ എസ്.എഫ്.ഐയും കരാറില്‍ ഒപ്പിട്ടു എന്നതാണ് ഏറ്റവും സന്തോഷം നല്കുന്ന കാര്യം. വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിലാണ് കരാര്‍ എഴുതി നല്‍കിയത്. വിദ്യാഭ്യാസമന്ത്രിയും കരാറില്‍ ഒപ്പിട്ടുണ്ട്. കരാര്‍ ലംഘനമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പും കിട്ടിയിട്ടുണ്ട്. മാനേജ്മെന്റുമായല്ല, സര്‍ക്കാറുമായാണ് തങ്ങള്‍ കരാര്‍ ഒപ്പിട്ടതെന്നും അവര്‍ പറഞ്ഞു.
ഒപ്പം നിന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള എല്ലാവര്ക്കും വിദ്യാര്‍ഥികള്‍ നന്ദി പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."