13 മക്കളെ ചങ്ങലക്കിട്ടത് വര്‍ഷങ്ങളോളം, മാതാപിതാക്കള്‍ അറസ്റ്റില്‍
ലോസ്ഏഞ്ചലസ്: മനുഷ്യര്‍ക്ക് ഭ്രാന്ത് പലതരമാണ്. സ്വന്തം മക്കളെ പട്ടിണിക്കിട്ട് പൂട്ടിയിട്ട് ഭ്രാന്തു കാണിച്ച രണ്ട് മാതാപിതാക്കളാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ അറസ്റ്റിലായത്. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് മക്കളെ പട്ടിണിയ്ക്കിട്ട് തടവിലാക്കിയതിന് അറസ്റ്റിലായത്.
രണ്ട് മുതല്‍ 29 വയസ്സ് വരെയുള്ള 13 മക്കളെയാണ് വര്‍ഷങ്ങളോളം മാതാപിതാക്കള്‍ ചങ്ങലയ്ക്കിട്ട് മുറിയിലിട്ട് പൂട്ടിയത്. ലോസ്ഏഞ്ജലസില്‍ നിന്ന് 95 കിമി അകളെ പെറിസ്സിലാണ് സംഭവം. കൂട്ടത്തിലെ 17 വയസുള്ള പെണ്‍കുട്ടി വീട്ടുതടവില്‍ നിന്നും രക്ഷപ്പെട്ട് പൊലിസിലറിയിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ശേഷം പൊലിസെത്തി മറ്റ് 12 പേരെയും രക്ഷിച്ച് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളെ കണ്ടെത്തുമ്പോള്‍ വസ്ത്രവും മുറിയും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. ഇരുട്ട് മുറിയില്‍ പലരേയും കട്ടിലിന് താഴെ കെട്ടിയിട്ട സാഹചര്യത്തിലായിരുന്നു. പോഷകാഹാരകുറവ് മൂലം പട്ടിണികോലങ്ങളായിരുന്നു.
രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് നിഗമനം. പൊലിസില്‍ വിവരമറിയിച്ച 17 വയസ്സുള്ള കുട്ടിയെ കണ്ടാല്‍ 10 വയസ് മാത്രമെ തോന്നിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18 നും, 29 നും പ്രായമുളളവരാണ്. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. വീട്ടിനുള്ളില്‍ ഇത്രയും കുട്ടികള്‍ ഉള്ളതിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
മാതാപിതാക്കളുടെ പേരില്‍ കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയടക്കം ഒന്‍പത് കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."