പാലാ റിംഗ് റോഡ് നിര്‍മ്മാണം റവന്യൂ അധികൃതര്‍ തടസ്സപ്പെടുത്തുന്നതായി ആരോപണം
പാലാ : പാലാ-ഏറ്റുമാനൂര്‍ റോഡിനെ പാലാ -പൊന്‍കുന്നം റോഡുമായി ബന്ധിപ്പിക്കുന്ന പാലാ റിംഗ് റോഡിന്റെ ആദ്യഘട്ടം നിര്‍മ്മാണപ്രവര്‍ത്തനം റവന്യൂ അധികൃതര്‍ തടസപ്പെടുത്തുന്നതായി പരാതി.
റോഡ് നിര്‍മാണം ആരംഭിച്ചതു മുതല്‍ നിരവധി തവണ തടസ്സപ്പെടുത്തലുകള്‍ ഉണ്ടായതു കാരണം ആറ് മാസം മുമ്പെങ്കിലും അവസാനിക്കേണ്ടിയിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്.കടപ്പാട്ടൂര്‍ ക്ഷേത്രം ഭാഗത്തുനിന്നും ആരംഭിക്കുന്ന റോഡ് പൊന്‍കുന്നം റോഡിലെ 12-ാം മൈലില്‍ എത്തുന്നവിധമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കടപ്പാട്ടൂര്‍ ബൈപ്പാസായി ഉയര്‍ത്തപ്പെട്ടിരിക്കുന്ന റോഡിന്റെ നിര്‍മ്മാണം പക്ഷെ അനന്തമായി നീളുകയാണ്.
കരാറുകാരനും റവന്യൂ അധികൃതരും അവരുടേതായ ന്യായവാദങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനപ്രദമായ റോഡ് കിട്ടാക്കനിയായി നില്‍ക്കുന്നു. റവന്യു അധികൃതരും കരാറുകാരും തമ്മിലുളള ഒത്തുകളിയാണ് പണി അടിക്കടി തടസ്സപ്പെടാന്‍ കാരണമെന്ന് ആരോപണമുണ്ട്. മാസപ്പടി കിട്ടുന്നതിന് അധികൃതരും നിര്‍മ്മാണം തടസ്സപ്പെടുത്തി എസ്റ്റിമേറ്റ് തുക പുതുക്കി വയ്ക്കുന്നതിന് കരാറുകാരനും തന്ത്രം മെനയുന്നതാണ് പണികള്‍ താറുമാറാക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
നിര്‍മ്മാണത്തിനായി മണ്ണ് എത്തിക്കുന്ന ലോറികളും ടിപ്പറുകളും മണ്ണുമാന്തി യന്ത്രവും നിരവധി തവണ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പ് മാര്‍ക്കറ്റ് വില കൊടുത്ത് സ്ഥലം ഏറ്റെടുത്ത് സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തുന്ന പ്രവൃത്തികളാണ് റവന്യൂ അധികൃതര്‍ ഭീഷണിപ്പെടുത്തി തുടരെ നിര്‍ത്തിവയ്പ്പിക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ പണികള്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് കഴിഞ്ഞതവണ റവന്യു അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
കരാറുകാരില്‍ നിന്നും പണം കൈപ്പറ്റുന്നതിനായി ചിലര്‍ റോഡില്‍ മണ്ണ് നിറയ്ക്കുന്നതിനെതിരെ റവന്യൂ വകുപ്പിന് നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മ്മാണ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതെന്ന ന്യായമാണ് റവന്യൂ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അദികൃതര്‍ വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ അന്വേഷണം നടത്താതെ തടസ്സം നില്‍ക്കുന്നതില്‍ നഗരസഭാധ്യക്ഷ ലീന സണ്ണിയും മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജും അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തടസ്സപ്പെടുത്തല തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോപം നടത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."