അഹമ്മദിനോടുള്ള അനാദരവ് കേട്ടുകേള്‍വിയില്ലാത്തത്: ആന്റണി
ന്യൂഡല്‍ഹി: അന്തരിച്ച ഇ.അഹമ്മദിന് അവസാന മണിക്കൂറുകളില്‍ നേരിടേണ്ടിവന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ദുരനുഭവമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സംഘടിപ്പിച്ച അനുസ്മരണ പരിപാടി വിലയിരുത്തി. ലോകത്തിന് മുന്നില്‍ മതേതര ഇന്ത്യയുടെ പ്രതീകമായിരുന്നു ഇ.അഹമ്മദെന്ന് ചടങ്ങില്‍ സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. കേന്ദ്രമന്ത്രി, എം.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ അന്താരാഷ്ട്രവേദികളില്‍ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവായിരുന്നു അഹമ്മദ്. അത്തരമൊരു നേതാവിനാണ് അവസാന മണിക്കൂറുകളില്‍ ദുരനുഭവം ഉണ്ടായതെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തകാര്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കൊടുംതണുപ്പില്‍ രാത്രി ആര്‍.എം.എല്‍ ആശുപത്രിയിലെത്തി രണ്ടു മണിക്കൂറോളം സംസാരിച്ച ശേഷമാണ് മക്കള്‍ക്ക് പോലും ഇ.അഹമ്മദിനെ കാണാന്‍ അവസരം ലഭിച്ചതെന്നും ആന്റണി ചൂണ്ടിക്കാട്ടി.
മികച്ച നയതന്ത്രജ്ഞനും ഉയര്‍ന്ന മാനുഷ്യമൂല്യങ്ങള്‍ ഉയര്‍പ്പിടിച്ച വ്യക്തിയുമായിരുന്നു ഇ. അഹമ്മദെന്ന് സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അനുസ്മരിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇ.അഹമ്മദെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
ഇ.അഹമ്മദിന്റെ അവസാന മണിക്കൂറുകളിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി കോണ്‍ഗ്രസിന് നന്ദിപറഞ്ഞു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയുള്ള പിന്തുണയാണ് നല്‍കിയത്. ഇതിന് നന്ദി അറിയിക്കാന്‍ വാക്കുകളില്ലെന്നും ഇ.ടി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് ചടങ്ങില്‍ അധ്യക്ഷനായി. എം.പിമാരായ വയലാര്‍ രവി, ജ്യോതിരാധിത്യ സിന്ധ്യ, വീരപ്പമൊയ്‌ലി, ശശി തരൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, ജോയി എബ്രഹാം എന്നിവരും ഇ.അഹമ്മദിനെ അനുസ്മരിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍,എം.ഐ.ഷാനവാസ്, ആന്റോ ആന്റണി, പി.വി.അബ്ദുല്‍ വഹാബ് എന്നിവരടക്കം നിരവധി എം.പിമാരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."