അമിതവേഗതയിലുള്ള സ്‌കൂള്‍ ബസുകള്‍ക്ക് പിടിവീഴും
തിരുവനന്തപുരം: അമിതവേഗതയിലുള്ള സ്‌കൂള്‍ ബസുകള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.
സംസ്ഥാനത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സ്‌കൂള്‍ ബസുകളുടെ അമിതവേഗം, ഭാരം എന്നിവ പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേ പൊലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തണം. നോ പാര്‍ക്കിംഗ് പ്രദേശത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരേയും സീബ്രാ ലൈനിലെ ചുവപ്പു സിഗ്‌നല്‍ ഗൗനിക്കാതെ പായുന്ന വാഹനങ്ങള്‍ക്കെതിരേയും, മദ്യപിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വാഹനം ഓടിക്കുന്നവര്‍ക്കെതിരേയും സംയുക്ത പരിശോധന നടത്തി പിഴയും മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കണം.
കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക് സ്‌പോട്ടുകളായി പരിഗണിച്ച് ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി വഴി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെടണമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
ഹൈവേ സുരക്ഷാ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായി പൊതുമരാമത്തുള്‍പ്പെടെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റോഡിന്റെ ഇരു ഭാഗങ്ങളിലും തളളുന്ന മെറ്റലും മണലും മറ്റു നിര്‍മാണ വസ്തുക്കളും മാറ്റാനുളള നടപടി അടിയന്തരമായി സ്വീകരിക്കണം. അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരോടൊപ്പം ഗതാഗത വകുപ്പു സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ഗതാഗത കമ്മിഷണര്‍ എസ് അനന്തകൃഷ്ണന്‍, പൊതുമരാമത്ത് റോഡ്‌സ് ആന്റ് ബില്‍ഡിംഗ്‌സ് ചീഫ് എഞ്ചിനീയര്‍ പി.കെ. സതീശന്‍, ദേശീയ പാത ചീഫ് എഞ്ചിനീയര്‍ കെ.പി പ്രഭാകരന്‍, ട്രാഫിക് എസ്.പി പി ബിജോയി, നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി.ജി ശ്രീദേവി, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി രവീന്ദ്രന്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഡി സുധാദേവി, പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."