രാജ്യസഭ: മന്‍മോഹനെതിരായ പരാമര്‍ശം; പ്രതിപക്ഷം സഭ വിട്ടു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നന്ദിപ്രമേയപ്രസംഗത്തിനിടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ അംഗങ്ങളും സഭ വിട്ടു. യു.പി.എ ഭരണകാലത്തെ അഴിമതികള്‍ ചൂണ്ടിക്കാട്ടി മന്മോഹനെ മോദി പരിഹസിച്ചതും മഴക്കോട്ടിട്ട് കുളിക്കുന്ന കല മന്മോഹന് സിങ്ങില്‍ നിന്നും പഠിക്കേണ്ടതാണെന്നുമായിരുന്നു മോദിയുടെ പരിഹാസം. ഇതോടെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രംഗം ശാന്തമാക്കാനുള്ള സഭാധ്യക്ഷന്റെ ശ്രമം ഫലം കണ്ടില്ല. പ്രതിഷേധം രൂക്ഷമാക്കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ തുടര്‍ന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇത്തരത്തിലുള്ള പരിഹാസം പ്രതീക്ഷിക്കാവുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. തനിക്കെതിരായ മോദിയുടെ പരിഹാസത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്മോഹന് സിങ് സഭയ്ക്കു പുറത്ത് പറഞ്ഞു.
നോട്ടു നിരോധനത്തിന് ശേഷം പണത്തിനായി വരിനില്‍ക്കവേ മരിച്ചവരെക്കുറിച്ച് പ്രധാനന്ത്രി ഒരുവരിപോലും പരാമര്‍ശിച്ചില്ലെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ സര്‍ക്കാര്‍ അവതരിപ്പിച്ച ഭേദഗതി ശബ്ദവോട്ടോടെ പാസാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിറ്റ്ലര്‍ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ലോകം കാഷ്ലെസ്, പേപ്പര്‍ രഹിത സാമ്പത്തിക വ്യവസ്ഥയിലേക്കു മുന്നേറുമ്പോള്‍ ഇന്ത്യക്കു പിന്നില്‍ നില്ക്കാന് കഴിയില്ലെന്നു മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."