മലേഗാവ് കേസിലെ പ്രതികള്‍ക്ക് പുറത്തേക്കു വഴിതുറക്കുന്നു
2008 സപ്തംബര്‍ 29ന് റമദാന്‍ മാസം മലേഗാവില്‍ നിസ്‌കരിച്ചിറങ്ങിയവരില്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നൂറുപേര്‍ക്ക് പരുക്കേറ്റു. മറാത്തിമാധ്യമങ്ങളിലുള്‍െപ്പടെ ഇതൊരു ഇസ്‌ലാമികഭീകരതയാണെന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
കേസന്വേഷണച്ചുമതല സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരേയ്ക്കായിരുന്നു. അദ്ദേഹം നടത്തിയ വിദഗ്ധാന്വേഷണത്തില്‍ 16 പ്രതികളെ പിടികൂടി. ഇതില്‍ സൈനികനായ കേണല്‍ പുരോഹിതും ബി.ജെ.പി നേതാവ് സ്വാധി പ്രജ്ഞാസിങ് തുടങ്ങിയവരുമുണ്ടായിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത ലഫ്. കേണല്‍ പ്രസാദ് പുരോഹിത് ഈ കേസിലെ മറ്റൊരു തലം കാണിച്ചുതന്നു. ഇന്ത്യന്‍ സൈന്യത്തില്‍ കടന്നുകൂടിയ തീവ്രഫാസിസ്റ്റ് സാന്നിധ്യമായിരുന്നു അത്. വിശ്വഹിന്ദു പരിഷത്ത് പോലെ ഭാരതത്തിന്റെ സാംസ്‌കാരികാടിത്തറ തകര്‍ക്കുന്ന ശക്തികള്‍ക്കു കൂടി ഈ സ്‌ഫോടനപരമ്പരയില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘം തെളിവുകള്‍ സഹിതം കണ്ടെത്തി.
കര്‍ക്കരയെ ഇല്ലാതാക്കുന്നതിലൂടെ മലേഗാവ് ഗൂഢാലോചനയുടെ ചുരുള്‍ അടച്ചിടാമെന്നു ചിലര്‍ ധാരണയിലെത്തിയിരുന്നുവെന്നു വേണം കരുതാന്‍. സത്യസന്ധനും മതേതര വിശ്വാസിയുമായ കര്‍ക്കരയെ സപ്തംബര്‍ 26-2011 ല്‍ മുംബൈ തീവ്രവാദി ആക്രമണരംഗത്തുനിന്നു ചില അജ്ഞാതശക്തികള്‍ നിയന്ത്രിച്ചിരുന്നു. കര്‍ക്കരയെ കരുതിക്കൂട്ടി വധിച്ച് ഭീകരാക്രമണത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നു വരുത്തിത്തീര്‍ക്കാനാണ് ഒരു ഭീകരാക്രമണ സാധ്യതയുമില്ലാത്ത, അക്രമികള്‍ വന്നിട്ടില്ലാത്ത രംഗഭവന്‍ ഇടവഴിയിലേക്കു കര്‍ക്കരയെ എത്തിച്ചത്. ഒരു മഹാനായ ഇന്ത്യന്‍ പൗരന്റെ, ധീരനായ പൊലിസ് ഉദ്യോഗസ്ഥന്റെ മരണത്തിനുത്തരവാദികള്‍ ഒന്നോ അതിലധികമോ ഫാസിസ്റ്റുകളായ ഉദ്യോഗസ്ഥന്മാരാണെന്ന പരാതി ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ല.
മലേഗാവ് സ്‌ഫോടനപ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട മക്കോക ഇതിനകം റദ്ദാക്കി. കര്‍ക്കരെയ്ക്കു ശേഷം എന്‍.ഐ.എ കേസ് ഏറ്റെടുത്തതു തന്നെ പ്രതികളെ രക്ഷപ്പെടുത്താനുള്ള പഴുതുകളുണ്ടാക്കാനാണെന്ന സംശയം അടിക്കടി ബലപ്പെടുത്തുന്നു. ഇന്ത്യയുടെ നിയമവാഴ്ചയുടെ പതനത്തെ ഇതു സൂചിപ്പിക്കുന്നു. ആര്‍.എസ്.എസ് ഏറ്റവുമധികം പിടിമുറുക്കിയ മേഖലകളാണു പൊലിസ്, രഹസ്യാന്വേഷണം, വിദ്യാഭ്യാസം, വിദേശകാര്യം എന്നിവ.
ഇരകളെ പ്രതികളാക്കി അവതരിപ്പിക്കുന്ന അവസ്ഥപോലുമുണ്ടാവുന്നു. നിയമക്കോടതികളിലെത്തുമ്പോള്‍ തെളിവിന്റെ അഭാവത്തില്‍ യഥാര്‍ഥപ്രതികള്‍ രക്ഷപ്പെടുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയുള്ള കേസുകളും പൊലിസ് ഇല്ലാതാക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി തോറ്റുകൊടുക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെത്തുന്നു. ഇന്ത്യയുടെ വര്‍ത്തമാനമുഖം ആപല്‍ക്കരമായ സൂചനകളാണുയര്‍ത്തുന്നത്.
മുത്വലാഖ് ബില്‍ ലോക്‌സഭ പാസാക്കി. 1968 ല്‍ പതിനെട്ടാം വയസ്സില്‍ നരേന്ദ്രമോദി യശോദബെന്‍ എന്ന ഗുജറാത്തി പെണ്‍കുട്ടിയെ ഹിന്ദുമതാചാര പ്രകാരം കല്യാണം കഴിച്ചിരുന്നു. അരനൂറ്റാണ്ടായി ഒരു ഇന്ത്യന്‍ വനിത വിധവയെപ്പോലെ ജീവിക്കുന്നു. ഭര്‍തൃസാന്നിധ്യം, സഹായം, സംരക്ഷണം ഇതൊക്കെ അവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ത്വലാഖ് പോലെ കൃത്യമായൊരു വ്യവസ്ഥ ഹൈന്ദവ വിവാഹ-വിവാഹമോചനങ്ങളില്‍ നിര്‍വചിക്കപ്പെടാതിരിക്കുന്നതും വ്യവസ്ഥാപിതമായി ഹിന്ദുകോളനികളുടെ മതപക്ഷകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനമില്ലാതിരിക്കുന്നതും ഇന്ത്യയുടെ പൊതുസാഹചര്യമാണ്. ഇക്കാരണത്താല്‍ അനേകലക്ഷം മനുഷ്യാവകാശധ്വംസനങ്ങള്‍ നടക്കുന്നു.
ഇസ്‌ലാം ശരീഅത്ത് നിഷ്‌കര്‍ഷിക്കുന്നവ സിവില്‍നിയമങ്ങളില്‍ പരിപാലിച്ചുപോരാന്‍ മുസ്‌ലിം കോളനികളില്‍ മഹല്ല് സംവിധാനം പ്രബലമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന മുത്വലാഖ് പോലുള്ളവ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ച ഘടകം രണ്ടാണ്. ഒന്ന്: മതന്യൂനപക്ഷങ്ങളെ അപമാനിക്കുക. രണ്ട്: കോമണ്‍ സിവില്‍ നിയമം കൊണ്ടുവരാന്‍ വാതില്‍ തുറക്കുക.
പ്രധാനമന്ത്രിയുടെ അര്‍ധപാതിക്കുപോലും നീതി നിഷേധിക്കപ്പെട്ട ഇന്ത്യന്‍ സാഹചര്യത്തിലെ ഹൈന്ദവ സാമൂഹികവ്യവസ്ഥകളെ സമുദ്ധരിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്താനോ ബില്ലവതരിപ്പിക്കാനോ ബി.ജെ.പിക്കു താല്‍പര്യമില്ല.
ഭരണഘടന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തി പൂര്‍ണപരിരക്ഷ ഉറപ്പുനല്‍കിയ മതവിശ്വാസസ്വാതന്ത്ര്യം പാര്‍ലമെന്റിന് ഇല്ലാതാക്കാനാവില്ല. മുത്വലാഖ് പോലുള്ള വ്യക്തിനിയമപ്രശ്‌നങ്ങള്‍ക്കു തീര്‍പ്പുകല്‍പ്പിക്കാന്‍ മതപണ്ഡിതര്‍ക്കാണ് അധികാരം. അക്കാര്യത്തില്‍ ഭരണകൂട ഇടപെടല്‍ മതേതര സങ്കല്‍പ്പത്തിനെതിരാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പ്പെടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടു ശരിയായില്ല. മുസ്‌ലിം ലീഗ് പാര്‍ട്ടിയും ആന്ധ്രയിലെ ഉവൈസിയും ഉയര്‍ത്തിയ വാദങ്ങള്‍ പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കിലും കോടതികള്‍ക്കു നിരാകരിക്കാന്‍ കഴിയില്ല. മുസ്‌ലിം ഇന്ത്യയുടെ നിശ്ശബ്ദത ശത്രുക്കള്‍ക്കു കൂടുതല്‍ സഹായകമാണെന്ന സത്യവും നിലനില്‍ക്കുന്നു.
ബി.ജെ.പി, സി.പി.എം നേതാക്കള്‍ കണ്ണൂരില്‍ സമാധാനയോഗം ചേര്‍ന്നു. ആക്രമിക്കപ്പെട്ടവരുടെ വീടുകള്‍ സംയുക്തമായി സന്ദര്‍ശിച്ചു. സമാധാനാഹ്വാനം നല്‍കാന്‍ തീരുമാനിച്ചു. കലക്ടര്‍ അതു പറഞ്ഞുതീരുന്നതിനു മുമ്പു വീണ്ടും അക്രമം അരങ്ങേറി. എല്ലാം ഒരുതരം കണ്ണൂര്‍ മോഡല്‍. കണ്ണൂരില്‍ കഠാരയും വാളും ബോംബും സംസാരിക്കുന്നതു നിര്‍ത്തലാക്കാന്‍ അതു പഠിപ്പിച്ചവര്‍ക്കുപോലും കഴിയാത്ത വിധം വളര്‍ന്നിരിക്കുന്നു. ഇരു പാര്‍ട്ടികളും ഇനിയും കൊടുത്ത വടികളുടെ അടിവാങ്ങുമെന്നര്‍ഥം. പക്ഷേ, നിരപരാധികളാണധികവും ഇരയാവുന്നത്.
രൂപതയ്ക്കു വകമാറ്റി കേരള നിയമസഭയില്‍ ഒരു അംഗം 'രൂപ'താ എന്നു വ്യാഖ്യാനിച്ചതു മറന്നിട്ടില്ല. കൊച്ചി, അങ്കമാലി രൂപതകളില്‍ കള്ളപ്പണ ഇടപാട്, നികുതിവെട്ടിപ്പ്, ഭൂമിവില്‍ക്കല്‍ അങ്ങനെ വന്‍ അഴിമതികളാണുണ്ടായതെന്നു പോപ്പിനു പരാതി നല്‍കിയിരിക്കുകയാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വൈദികര്‍ തന്നെ രംഗത്തുവന്നിരിക്കുന്നു.
ക്രിസ്തീയസഭകള്‍ നിര്‍വഹിച്ചു വരുന്ന നന്മകള്‍ ചെറുതല്ല. എന്നാല്‍, പണാധിപത്യവും അധികാര വിലപേശലും കാലു മാത്രമല്ല ഉടലോടെ കൂറുമാറലുമൊക്കെ സഭയുടെ ചരിത്രത്തില്‍ കളങ്കമുണ്ടാക്കാറുണ്ട്. പൊതുസമൂഹത്തിനു മതപുരോഹിതരെക്കുറിച്ചു തെറ്റായ ധാരണ പരത്താന്‍ ഇടവരരുത്. പല സന്ന്യാസിമഠങ്ങളും നല്‍കുന്ന പാഠം പരിഷ്‌കൃതസമൂഹത്തിന് ഉള്‍കൊള്ളാനാവുന്നതല്ല. ഒന്നുകില്‍ മതപ്രബോധകരായി മതം അനുശാസിക്കുന്ന നന്മകള്‍ക്കൊപ്പം നില്‍ക്കുക. അല്ലെങ്കില്‍ യൂണിഫോം(ളോഹ) മാറ്റി പുറത്തുപോവുക. ഇങ്ങനെ ക്രിസ്ത്യാനികള്‍ പറയുന്ന കാലം വരാനാണു സാധ്യത.
ഇറാന്‍ ഭരണവിരുദ്ധപ്രക്ഷോഭം ശക്തിപ്പെടുകയാണ്. ട്രംപ് വീക്ഷിക്കുകയാണെന്നാണു വൈറ്റ് ഹൗസ് പറയുന്നത്. അമേരിക്കന്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്നു ചിലരെങ്കിലും കരുതുന്നു. സോവിയറ്റ് യൂനിയന്‍ തകര്‍ക്കാന്‍ സി.ഐ.എ വന്‍ പണം മുടക്കിയെന്ന വാര്‍ത്ത നിഷേധിച്ചിട്ടില്ല. വല്യേട്ടനിഷ്ടമില്ലാത്തതൊന്നും അനുവദിക്കില്ലെന്നാണു നാട്ടുനടപ്പ്. ഐക്യരാഷ്ട്രസഭയ്ക്ക് എതിരേയും ട്രംപ് കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുന്നു. കൂട്ടിന് ഇസ്‌റാഈലുമുണ്ട്. ബുറാഖ് മതില്‍ വരെ ജറുസലമില്‍ റെയില്‍ നിര്‍മിച്ചു തീവണ്ടി ഓടിക്കുമെന്നും തീവണ്ടിക്കു ട്രംപിന്റെ പേരിടുമെന്നും ഇസ്‌റാഈല്‍ പറഞ്ഞിട്ടുണ്ട്.
കെട്ടടങ്ങിയ മുല്ലപ്പൂവിപ്ലവം പൊടിതട്ടിയെടുത്തു മിഡിലീസ്റ്റിലും ചില ആഫ്രിക്കന്‍ നാടുകളിലും അശാന്തി പടര്‍ത്താന്‍ അമേരിക്ക തുനിഞ്ഞുകൂടായ്കയില്ല. അവര്‍ക്കാവശ്യം അധികാരവും പണവുമാണ്. അതിന് ആയുധം വിറ്റഴിയണം. അതിനു മനുഷ്യര്‍ക്കിടയില്‍ പക വളര്‍ത്തി കലഹിപ്പിക്കണം. വന്‍ ശക്തികള്‍ കാലങ്ങളായി ചെയ്തുവരുന്ന കാര്യം ഇനിയും ശക്തിപ്പെടാനാണു സാധ്യത.
കേരള കോണ്‍ഗ്രസ് ബി എന്‍.സിപിയിലെത്താനുള്ള നടത്തം തുടങ്ങിയതായി വാര്‍ത്ത വന്നിരുന്നു. ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്കും വി.എസ് അച്യുതാനന്ദനും തുല്യറാങ്കില്‍ ഉദ്യോഗം നല്‍കി തിരുവനന്തപുരത്തെത്തിച്ചാല്‍ തലവേദന തീരുമെന്നു കരുതിയ പിണറായിക്കു തെറ്റി. ബാലകൃഷ്ണപ്പിള്ള സഞ്ചരിക്കുന്ന പ്രതിഭാസമാണ്. മരിക്കുന്നതിനു മുമ്പ് ഒരു ഡസന്‍ പാര്‍ട്ടിയിലെങ്കിലും കയറിയിറങ്ങിയില്ലെങ്കില്‍ ലക്ഷ്യമെങ്ങനെ സാധ്യമാകും.
മുജാഹിദ് സമ്മേളനം പര്യവസാനിച്ചു. അടുത്ത സമ്മേളനംവരെ വിശ്വാസികളെ കാഫിറാക്കാന്‍ തെളിവുണ്ടാക്കാനുള്ള ആയത്തും ഹദീസും പഠിപ്പിച്ചു കൊടുത്തു. കൂട്ടത്തില്‍ പരമാവധി മുസ്‌ലിം കോളനികളില്‍ കുഴപ്പം കുത്തിപ്പൊക്കാനുള്ള വിദ്യകളും അഭ്യസിപ്പിച്ചു. ഇനി അടുത്ത നവോത്ഥാനം വരെ സമുദായം ഈ സംഘടനാ മാലിന്യങ്ങള്‍ സഹിക്കുക തന്നെ. മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനി ഹാഫിസ് സഈദ് സംബന്ധിച്ച ചടങ്ങില്‍ ഫലസ്തീന്‍ അംബാസഡര്‍ പങ്കെടുത്തതു ശരിയായില്ല. അംബാസഡര്‍ ഖാലിദ് ആലയെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. ഒരു ഭീകരവാദി അവരുടെ നാട്ടില്‍ ജനപിന്തുണ ഉള്ളവനാണെങ്കിലും ലോകത്തിന്റെ കണ്ണില്‍ പിണറായി പറഞ്ഞപോലെ നികൃഷ്ടജീവി തന്നെയാണ്. അത്തരമൊരാളുടെ കൂടെ വേദി പങ്കിടുന്നതു മാന്യന്‍മാര്‍ക്കു ചേര്‍ന്ന പണിയല്ല. ഏതായാലും ഫലസ്തീന്‍ ഇന്ത്യന്‍ പ്രതിഷേധത്തിനു വിലകല്‍പ്പിച്ചത് അഭിനന്ദനാര്‍ഹമാണ്. എന്നാലും, തീവ്രവാദികള്‍ ഇനിയും അവസരം ഉപയോഗിക്കുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."