സ്പര്‍ദ്ധയുണ്ടാക്കുന്ന ട്വിറ്റര്‍ സന്ദേശം: രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്
തളിപ്പറമ്പ്: ഏഷ്യാനെറ്റ് മേധാവിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനെതിരേ പരിയാരം പൊലിസ് കേസെടുത്തു. സ്പര്‍ദ്ധയുണ്ടാക്കുന്ന ട്വിറ്റര്‍ സന്ദേശത്തിന്റെപേരില്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം 153 ഐ.പി.സി പ്രകാരമാണ് കേസെടുത്തത്.
2017 മെയ് 11 ന് കക്കംപാറയിടെ ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍വച്ച് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെയും പരിയാരം മെഡിക്കല്‍ കോളജിന്റെയും ആംബുലന്‍സ് അടിച്ചുതകര്‍ത്തിരുന്നു.
ഈ ആക്രമണത്തിന്റെ വിഡിയോയും ഒപ്പം തെറ്റായ വിവരണവും നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് പൊലിസ് നടപടി. കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയും ആശുപത്രി തകര്‍ക്കുകയും ചെയ്യുന്ന രംഗം എന്ന പേരിലായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
ഈ പോസ്റ്റ് രാജീവ് ചന്ദ്രശേഖര്‍ എം.പി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ഷെയറും ചെയ്തിരുന്നു. തുടര്‍ന്ന് കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ച് മാലൂര്‍ സ്വദേശി സനോജ് തിരുവനന്തപുരത്തെ ഹൈടെക് സെല്ലിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിവുകള്‍സഹിതം അന്വേഷണ സംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."