ചൈനാ അനുകൂല സമീപനം: നിലപാട് കടുപ്പിച്ച് സി.പി.എം
കൊച്ചി: ചൈനാ അനുകൂല സമീപനത്തിന്റെപേരില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരേ രാജ്യദ്രോഹി വിളി ശക്തമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് സി.പി.എം. തങ്ങളെ രാജ്യദ്രോഹികളെന്നു വിളിക്കുന്നവര്‍ സാമ്രാജ്യത്വ പക്ഷപാതിത്വമാണ് വ്യക്തമാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി.പി.എം എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ചൈന, ഉത്തര കൊറിയ അനുകൂല നിലപാട് ആവര്‍ത്തിച്ച് കോടിയേരി രംഗത്തെത്തിയത്.
സോഷ്യലിസ്റ്റ് പാതയില്‍ അടിയുറച്ചുനിന്ന് 2020 ആകുമ്പോഴേക്കും ദാരിദ്ര്യം തുടച്ചുനീക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതോടെയാണ് ചൈനയെ തകര്‍ക്കാന്‍ അമേരിക്ക ജപ്പാനെയും ഓസ്‌ട്രേലിയെയും ഇന്ത്യയെയും കൂട്ടുപിടിച്ച് അച്ചുതണ്ട് രൂപീകരിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ചൈനാവിരുദ്ധ സഖ്യത്തില്‍ ഇന്ത്യയുമുണ്ടെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ കോടിയേരി ആരോപിച്ചിരുന്നു.
ഇത് ബി.ജെ.പി ഉള്‍പ്പടെയുള്ള കക്ഷികള്‍ സി.പി.എമ്മിനെതിരേ ഉപയോഗിക്കുന്നതിനിടയിലാണ് നിലപാട് കടുപ്പിച്ച് കോടിയേരി വീണ്ടും രംഗത്തെത്തിയത്. ബി.ജെ.പിയുടേത് സാമ്രാജ്യത്വ അനുകൂല നിലപാടാണ്. എന്നാല്‍, ചൈനയുടെയും ഉത്തര കൊറിയയുടെയും സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോടാണ് സി.പി.എമ്മിന് ആഭിമുഖ്യം.
ഇന്ത്യാ- ചൈന തര്‍ക്കമുണ്ടായപ്പോള്‍ അതു ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇ.എം.എസ് നിലപാടെടുത്തത്. സി.പി.എമ്മിനെയും ഇ.എം.എസിനെയും അന്ന് ചൈനീസ് ചാരന്‍മാരെന്ന് ആക്ഷേപിച്ചു. അതേ ആരോപണം തന്നെയാണ് ഇപ്പോഴും ഉയരുന്നത്. സി.പി.എം സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ അഭിപ്രായം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല.
സ്വന്തം രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി സോഷ്യലിസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും കോടിയേരി വ്യക്തമാക്കി.
നിലവിലെ ഇന്ത്യാ- ചൈന തര്‍ക്കത്തിലും പഴയ നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്നാണ് കോടിയേരിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ സോഷ്യലിസ്റ്റ് ചേരി ഇല്ലാതാവുമെന്ന് അമേരിക്ക സ്വപ്നംകണ്ടു.
സോഷ്യലിസം ശക്തിപ്പെടുത്താന്‍ ലോകമെങ്ങും നടക്കുന്ന ശ്രമങ്ങള്‍ ഇല്ലാതാക്കാനാണ് അമേരിക്ക നോക്കുന്നത്. ഇതിന്റെ ഭാഗമായാണു ചൈനക്കെതിരേയുള്ള അച്ചുതണ്ട്. ഉത്തര കൊറിയയെ ഇല്ലാതാക്കാന്‍ ദക്ഷിണ കൊറിയയെ ആയുധമണിയിക്കുന്നു. ഇതുമൂലമാണ് ഉത്തര കൊറിയക്ക് സൈനിക ശക്തി വിപുലപ്പെടുത്തേണ്ടിവരുന്നത്. സോഷ്യലിസ്റ്റ് ചേരിയോടുള്ള ആഭിമുഖ്യം സി.പി.എം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതേ നിലപാടാണ് വിയറ്റ്‌നാമിനോടും ക്യൂബയോടും പാര്‍ട്ടിക്കുള്ളത്.
ഇന്ത്യ- ഇസ്‌റാഈല്‍ ബന്ധം ശക്തിപ്പെടുത്തുകയും അമേരിക്കയുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യുന്ന ബി.ജെ.പി അതിനെതിരായി നിലപാടുള്ള സി.പി.എമ്മിനെ രാജ്യദ്രോഹികള്‍ എന്നുവിളിച്ച് ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ല. ചേരിചേരാ നയമാണ് ഇന്ത്യ തുടരേണ്ടത്.
സി.പി.എമ്മിന് എന്നും ഒരേനയമാണ്. സോഷ്യലിസത്തിനുവേണ്ടിയും സാമ്രാജ്യത്വത്തിന് എതിരേയുമുള്ള നിലപാടാണ് അതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."