ശ്രീജിവിന്റെ മരണം: ആരോപണങ്ങള്‍ നിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ പൊലിസിനെതിരേയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിവിന്റേത് കൊലപാതകമോ..? സോഷ്യല്‍ മീഡിയക്ക് വേണ്ടത് എന്താണ്.. ? എന്നീ ചോദ്യങ്ങളുമായാണ് അന്നത്തെ അന്വേഷണസംഘത്തിലെ അംഗം സി. മോഹനന്റെ കുറിപ്പ്.
ശ്രീജിവിന്റേത് ആത്മഹത്യ തന്നെയെന്ന് അവകാശപ്പെടുന്ന കുറിപ്പില്‍ തെളിവുകളും നിരത്തുന്നുണ്ട്. 2014 മെയ് 19ന് ശ്രീജിവിനെ പാറശാല പൊലിസ് അറസ്റ്റു ചെയ്തതു മുതലുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരില്‍ ആത്മബലം ഉണ്ടാകുന്നതിനും സാധാരണക്കാരുടെ തെറ്റിദ്ധാരണ മാറുന്നതിനുംവേണ്ടി ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് കുറിപ്പ് തയാറാക്കിയതെന്നും ഇയാള്‍ പറയുന്നു. മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തതെന്നും അന്നു രാത്രി ലോക്കപ്പില്‍വച്ച് ശ്രീജിവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്നുമുള്ള പൊലിസിന്റെ വാദം കുറിപ്പില്‍ ആവര്‍ത്തിക്കുകയാണ്. പൊലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാനായിരുന്ന ജസ്റ്റിസ് കെ.നാരായണക്കുറുപ്പിന്റെ ചില നടപടികളെയും ചോദ്യംചെയ്യുന്നുണ്ട്.
പാറശാല താലൂക്ക് ആശുപത്രിയില്‍ ശ്രീജിവിനെ ആദ്യം ചികിത്സിച്ച ഡോക്ടറുടെയും മോഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവിയുടെയും അഭിപ്രായം ചെയര്‍മാന്‍ പരിഗണിച്ചില്ലെന്നും മരണകാരണമാകുന്ന ഫ്യൂറിഡാന്റെ അളവ് സംബന്ധിച്ച് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറില്‍ നിന്നാണ് അഭിപ്രായം തേടിയതെന്നും കുറിപ്പില്‍ പറയുന്നു.
ഒരു പൊലിസുകാരന്റെ ബന്ധുവായ പെണ്‍കുട്ടി എന്ന നിലക്കുള്ള കഥ തെറ്റാണെന്നും ഇയാള്‍ വാദിക്കുന്നു. ശ്രീജിവിന്റേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കാന്‍ ഇനിയും തെളിവുകള്‍ ഉണ്ടെന്നും ആവശ്യമാകുന്നപക്ഷം വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
തീര്‍ത്തും ഔദ്യോഗിക ഭാഷാശൈലിയിലുള്ള കുറിപ്പിനെതിരേ കടുത്ത വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ഉയരുന്നത്. 'ദേഹപരിശോധനക്കുശേഷം അടിവസ്ത്രം ധരിപ്പിച്ചാണ് ലോക്കപ്പില്‍ പാര്‍പ്പിച്ചത് ' എന്ന പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് അപ്പോള്‍ വിഷക്കുപ്പി കണ്ടില്ലായിരുന്നുവോയെന്ന ചോദ്യം നിരവധിപേര്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."