മഹാരാഷ്ട്ര ചാംപ്യന്‍മാര്‍; കേരളം ആറാം സ്ഥാനത്ത്
പൂനെ: മഹാരാഷ്ട്ര വീണ്ടും കിരീടം ചൂടിയ ദേശീയ സബ് ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ചുവടുകള്‍ പിഴച്ചു. പൂനെ ബാലേവാഡി സ്റ്റേഡിയത്തില്‍ നിന്നും ആറാം സ്ഥാനക്കാരായാണ് കേരളത്തിന്റെ മടക്കം. ആദ്യ ദിനത്തില്‍ ഓരോ സ്വര്‍ണവും വെങ്കലവും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന കേരളത്തിന് സമാപദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും നിന്ന് ലഭിച്ചത് രണ്ടു മെഡലുകള്‍ മാത്രം.
400 മീറ്ററില്‍ ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് സ്വര്‍ണം നേടിയപ്പോള്‍ ഹൈജംപില്‍ മഹിമയാണ് വെള്ളി സമ്മാനിച്ചത്. ഏഴു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകള്‍ സ്വന്തമാക്കിയാണ് മഹാരാഷ്ട്ര ചാംപ്യന്‍പട്ടം നേടിയത്.
മൂന്നു സ്വര്‍ണം നേടിയ പശ്ചിമബംഗാള്‍ രണ്ടാം സ്ഥാനത്ത് എത്തി. രണ്ടു സ്വര്‍ണവും അഞ്ച് വെള്ളിയും നേടി ഉത്തര്‍പ്രദേശ് ആണ് മൂന്നാം സ്ഥാനത്ത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം നേടാനായ കേരളത്തിന് ആറാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു . കേരളം കഴിഞ്ഞ തവണ ആതിഥേയരായ കോഴിക്കോട് ദേശീയ മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തിലാണ് 30 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്ത് എത്തിയത്. 57 പോയിന്റുമായി മഹാരാഷ്ട്രയാണ് അന്ന് സബ് ജൂനിയര്‍ വിഭാഗം ചാംപ്യന്‍മാരായത്. 34 പോയിന്റു നേടി ഡല്‍ഹി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ഇത്തവണ ഡല്‍ഹി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പ്രിന്റില്‍ കേരള താരങ്ങള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. മൂന്നായി വിഭജിച്ച മീറ്റില്‍ സീനിയര്‍ കിരീടം കേരളം നേടിയിരുന്നു.
സബ്ജൂനിയറില്‍ പൂനെ ബാലേവാഡി സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം പോലും പുറത്തെടുക്കാനായില്ല. ഹര്‍ഡില്‍സില്‍ മണിപ്പൂരി സ്വദേശി വാരിഷ് ബോഗി മയൂമും 4-100 മീറ്റര്‍ റിലേയില്‍ പെണ്‍കുട്ടികള്‍ നേടിയ വെങ്കലവുമാണ് ആദ്യ ദിനത്തില്‍ കിട്ടിയത്. മറ്റു സംസ്ഥാനങ്ങളുടെ പ്രായത്തട്ടിപ്പും കേരളത്തിന് തിരിച്ചടിയായി. എങ്കിലും ആദ്യമായി ദേശീയ മീറ്റിന്റെ ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങിയ താരങ്ങള്‍ക്ക് പൂനെയിലെ പോരാട്ടം മത്സര പരിചയം നേടുന്നതിനും പുതിയ അനുഭവവുമായി മാറി.
ഒറ്റ ലാപ്പില്‍
എല്‍ഗയുടെ
സുവര്‍ണ നേട്ടം
സ്പ്രിന്റിലെ പോരാട്ടം ഉപേക്ഷിച്ച് ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ മിന്നുന്ന പ്രകടനവുമായാണ് എല്‍ഗ തോമസ് സ്വര്‍ണം നേടിയത്. 400 മീറ്ററില്‍ 59.4 സെക്കന്റിലാണ് എല്‍ഗ കേരളത്തിനായി സ്വര്‍ണം കുതിപ്പ് നടത്തിയത്. ഒളിംപ്യന്‍ പി.ടി ഉഷയുടെ ശിഷ്യയായ എല്‍ഗയുടെ ദേശീയ മീറ്റിലെ ആദ്യ സ്വര്‍ണ നേട്ടമാണിത്.
400 മീറ്ററില്‍ മത്സരിക്കാനായി എല്‍ഗ 100 മീറ്ററില്‍ നിന്നും നേരത്തെ പിന്‍മാറിയിരുന്നു. 60.4 സെക്കന്‍ഡില്‍ ഓടിയെത്തിയ ഡല്‍ഹിയുടെ പായല്‍ വോറ വെള്ളിയും മഹാരാഷ്ട്രയുടെ ഷിവേചാ പാട്ടീല്‍ (60.7) വെങ്കലവും നേടി.
കേരളത്തിന്റെ തന്നെ മറ്റൊരുതാരമായ എം.പി ലിഗ്ന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആണ്‍കുട്ടികളുടെ 400 മീറ്റില്‍ മത്സരിക്കാനുണ്ടായിരുന്ന വാരിഷ് ബോഗി മയൂമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ആശ്വാസമായി
മഹിമയുടെ വെള്ളി
പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.54 മീറ്റര്‍ ഉയരം കീഴടക്കിയാണ് മഹിമ എം. നായര്‍ കേരളത്തിനായി വെള്ളി നേടിയത്. 1.58 മീറ്റര്‍ ഉയരം മറികടന്ന പശ്ചിമബംഗാളിന്റെ അപര്‍ണഘോഷിനാണ് സ്വര്‍ണം. തമിഴ്‌നാടിന്റെ എസ് ബൃന്ദ 1.51 മീറ്റര്‍ ചാടി വെങ്കലം നേടി. കേരളത്തിന്റെ മറ്റൊരു താരമായിരുന്ന വര്‍ഷ മുരളീധരന് 1.45 മീറ്റര്‍ ചാടി ആറാം സ്ഥാനത്ത് എത്താനായുള്ളു.
വര്‍ഷ സംസ്ഥാന മീറ്റിലെ സുവര്‍ണ ജേതാവായിരുന്നു. സംസ്ഥാന കായികോത്സവത്തില്‍ 1.48 മീറ്റര്‍ ക്രോസ്ബാര്‍ താണ്ടി വെള്ളി നേടിയ പാലക്കാട് കല്ലടി സ്‌കൂളിലെ താരമായ മഹിമ പൂനെയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."