പ്രതിഷേധം; ജിഗ്നേഷ് മേവാനി വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി
ചെന്നൈ: വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപ്പബ്ലിക് ടി.വിയുടെ ലേഖകരോട് ഇറങ്ങിപ്പോകാന്‍ ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി. എന്നാല്‍ ഇറങ്ങിപ്പോകില്ലെന്നും താങ്കള്‍ക്ക് വേണമെങ്കില്‍ പോകാമെന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതോടെ വാര്‍ത്താ സമ്മേളനം നടത്താതെ അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു.
ഇന്നലെ ചെന്നൈയിലായിരുന്നു സംഭവം. അടച്ചിട്ടമുറിയില്‍ വിദ്യാര്‍ഥികളും അധ്യാപകരുമായി സംവാദം നടത്താനായിട്ടാണ് അദ്ദേഹം എത്തിയിരുന്നത്. ഇതിനിടയില്‍ അല്പനേരം മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തിന് തയാറായത്. എന്നാല്‍ സ്ഥലത്തു നിന്ന് റിപ്പബ്ലിക് ടി.വിയുടെ ലേഖകരും കാമറാമാനും പുറത്തുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ അവിടെയുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ആവശ്യമെങ്കില്‍ താങ്കള്‍ക്ക് പോകാമെന്ന് അറിയിക്കുകയും ചെയ്തു. റിപ്പബ്ലിക് ടി.വിയുടെ നയത്തോട് യോജിപ്പില്ലാത്തതുകൊണ്ട് അവര്‍ക്കുമുന്നില്‍ സംസാരിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് മേവാനി വ്യക്തമാക്കി. എക്സ്ക്ലൂസിവ് പരിപാടിയല്ലെന്നും പൊതുവായ ചില ചോദ്യങ്ങള്‍ മാത്രമാണ് ചോദിക്കുകയെന്നും മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുപോലും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് അവര്‍ പോകണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
ഇതിന് തയാറാകാതിരുന്നതോടെയാണ് താന്‍ വാര്‍ത്താ സമ്മേളന വേദി വിട്ടതെന്ന് മേവാനി പിന്നീട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."