വിവാഹവാഗ്ദാനം നല്‍കി പണംതട്ടല്‍; വ്യാജഡോക്ടര്‍ അറസ്റ്റില്‍
പത്തനംതിട്ട: ഡോക്ടര്‍ ചമഞ്ഞ് വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പാലോട് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30) ആണ് അറസ്റ്റിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന വ്യാജപ്പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 50 ലക്ഷം രൂപ 30 സ്ത്രീകളില്‍ നിന്ന് തട്ടിയെടുത്തതായി ഇയാള്‍ സമ്മതിച്ചു. വടക്കന്‍ സെല്‍ഫി സിനിമയില്‍ കാണുന്ന രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് ഇയാള്‍ പയറ്റിയിരുന്നതെന്ന് പൊലിസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിനിയുമായി വിവാഹം ആലോചിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പരാതി നല്‍കുകയുമായിരുന്നു. മൂന്ന് മാസമായി ഇയാള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. എട്ടാം ക്ലാസ് മാത്രം പഠിച്ച ഇയാള്‍ കുറേക്കാലം ബസ് ജീവനക്കാരനായിരുന്നു. ഗള്‍ഫില്‍ കുറച്ചു നാള്‍ ജോലി ചെയ്തു. മടങ്ങി വന്ന് നഴ്‌സിങ്, മിഡൈ്വഫറി എന്ന കോഴ്‌സ് ചെയ്തതായി പറയുന്നു.
വിവാഹ സൈറ്റുകളില്‍ നിന്ന് വിവരം ശേഖരിച്ച് നഴ്‌സുമാരെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഇയാള്‍ ബന്ധുക്കളുമായി ബന്ധപ്പെടും. ഹൃദയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് മതിപ്പ് നേടും. പരിചയപ്പെടുന്ന പെണ്‍കുട്ടിയുടെ മൊബൈലില്‍ പണം ചാര്‍ജ് ചെയ്ത് നല്‍കി അവരുമായി സൗഹൃദം ദൃഢമാക്കും. അവര്‍ക്ക് പണം വേണമെങ്കില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചു കൊടുക്കും. ദിവസങ്ങള്‍ക്കകം അവരുടെ എ.ടി.എം കാര്‍ഡും ഫോണും ഇയാള്‍ കൈക്കലാക്കും. മറ്റൊരു ഫോണും നമ്പരും അവര്‍ക്ക് നല്‍കും. ഇതിനിടെ അവരുടെ അക്കൗണ്ടിലുള്ള പണം സ്വന്തമാക്കും. ഇതിനിടെ മറ്റ് സ്ത്രീകളെ പരിചയപ്പെട്ട് ഇതേ രീതിയില്‍ പണം സ്വന്തമാക്കും. സ്ത്രീകളുടെ മൊബൈലും അവരുടെ അക്കൗണ്ടും ഉപയോഗപ്പെടുത്തുന്നത് ഇയാള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടാകാതിരിക്കാനാണത്രേ. ബംഗളൂരുവില്‍ ആഡംബര ഹോട്ടലുകളില്‍ ഇയാള്‍ താമസിച്ചിരുന്നു. വിമാനത്തിലാണ് സ്ഥിരം യാത്രയും. അറസ്റ്റിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവരുടെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പത്തനംതിട്ട ഡി.വൈ.എസ്.പി വിദ്യാധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."