ചരിത്രശേഷിപ്പുകള്‍ പേരിനുമാത്രം കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം അവഗണനയില്‍
കോഴിക്കോട്: വൈദേശികാധിപത്യത്തിനെതിരേ പോരാടി വീരേതിഹാസം രചിച്ച കുഞ്ഞാലിമരയ്ക്കാര്‍മാരോടുള്ള അവഗണന തുടരുന്നു. മരയ്ക്കാര്‍മാരെ സ്മരിക്കാന്‍ വടകര കോട്ടക്കലില്‍ മ്യൂസിയമുണ്ടെങ്കിലും അവിടെ ചരിത്രശേഷിപ്പുകള്‍ ചുരുക്കം മാത്രം.
മരയ്ക്കാരുടെ ചരിത്രമന്വേഷിച്ച് ഇവിടെയെത്തുന്നവര്‍ക്ക് ശിലായുഗ കാലഘട്ടങ്ങളിലെ ചില ശേഷിപ്പുകളാണ് കാണാനാവുക. നവീന ശിലായുഗ കാലഘട്ടത്തിലെ പാത്രങ്ങളും മറ്റും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കുഞ്ഞാലിമാരുടെ വിളഭൂമിയായിരുന്ന കോട്ടയ്ക്കലിലും പരിസര പ്രദേശങ്ങളിലും അനേകം ചരിത്രവസ്തുക്കള്‍ മറഞ്ഞും തെളിഞ്ഞുമിരിക്കവെയാണ് ഈ ദുര്യോഗം. മെഴുകില്‍ പൊതിഞ്ഞ നാലു വാളുകള്‍ മാത്രമാണ് മ്യൂസിയത്തില്‍ കുഞ്ഞാലിമാരുടേതായി ഉള്ളത്. അതു തന്നെ മ്യൂസിയത്തിനടുത്ത് കുഴിയെടുക്കുമ്പോള്‍ കിട്ടിയതും. പിന്നെയുള്ളത് ചില ചാര്‍ട്ടുകളും മറ്റും.
1667ല്‍ സാമൂതിരി രാജാവ് കുഞ്ഞാലിമാരെ കോട്ടക്കലില്‍ വീണ്ടും കുടിയിരുത്തിയപ്പോള്‍ നിര്‍മിച്ച വലിയപീടിക തറവാട്ടു വീടിനു പുറകിലാണ് മ്യൂസിയമുള്ളത്. പണ്ട് പതിനാറ് അകങ്ങളുണ്ടായിരുന്ന തറവാടിപ്പോള്‍ ഒരു ചെറു വീടാണ്.
ഇവിടെയും പരിസരപ്രദേശങ്ങളിലും പര്യവേഷണങ്ങള്‍ നടത്തുകയാണെങ്കില്‍ തന്നെ ഇനിയും ചരിത്രവസ്തുക്കള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വീട് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമ്പോള്‍ നല്‍കിയിരുന്ന പല ചരിത്ര വസ്തുക്കളും മ്യൂസിയത്തിലെത്തിയിട്ടില്ലെന്ന് മരയ്ക്കാര്‍ കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
പല്ലക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇതില്‍ പെടും. കോട്ടക്കല്‍ പള്ളിയും അതോടനുബന്ധിച്ചുള്ള ഖബര്‍സ്ഥാനും കുഞ്ഞാലിമാരുടെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. പള്ളിയുടെ ഒരു ഭാഗത്തെ മുറിയില്‍ മൂന്നു വലിയതും മറ്റൊരു ഭാഗത്ത് മൂന്ന് ചെറിയതുമായ ഖബറുകളുണ്ട്. കുഞ്ഞാലിമാരില്‍ ഏറ്റവും പ്രസിദ്ധനും 1569ല്‍ കുഞ്ഞാലി മൂന്നാമനായി അധികാരത്തിലേറിയ പാട്ടുമരയ്ക്കാരുടെയും സഹോദരിയുടെയും ഖബറുകള്‍ ഇതിലുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളോ ഇവയുടെ പരിചരണങ്ങളോ നടക്കുന്നില്ല.
പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുത്തു എന്ന ഉത്തരവ് കടലാസിലുണ്ടെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ല. ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട കീഴടക്കിയത് പാട്ടുമരയ്ക്കാരെന്ന കുഞ്ഞാലി മൂന്നാമനായിരുന്നു. ഇദ്ദേഹമാണ് കോട്ടക്കലില്‍ കോട്ട പണിതത്. ഇന്ത്യന്‍ നാവിക ചരിത്രത്തിലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലും പ്രമുഖരായ നാലു കുഞ്ഞാലിമാരുടെ ചരിത്രമാണ് അടയാളപ്പെടുത്തിയത്. ഈ ധീരദേശാഭിമാനികളുടെ ചരിത്രശേഷിപ്പുകള്‍ കണ്ടെടുക്കുന്നതിലും പുതു തലമുറകള്‍ക്ക് ചരിത്രം പറഞ്ഞുകൊടുക്കാനും കാര്യമായ ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."