തടവറയിലും തലവേദനയായി മാവോയിസ്റ്റ് നേതാവ് രൂപേഷ്
എ.എസ്. അജയ്‌ദേവ്
തിരുവനന്തപുരം: തടവറയിലും പൊലിസിന് തലവേദനയായി മാവോയിസ്റ്റ് നേതാവ് രൂപേഷ്. ഇയാളെ ജയിലില്‍ സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കണമെന്നും രൂപേഷിന്റെ സംസാരം റെക്കോര്‍ഡ് ചെയ്യണമെന്നും ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയ്ക്ക് നല്‍കിയത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് രൂപേഷിനെ പാര്‍പ്പിച്ചിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്കു വരെ ഭീഷണിയാകാന്‍ സാധ്യതയുള്ള തടവുകാരനാണ് രൂപേഷെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജയില്‍ അധികൃതര്‍ക്കു മുന്നിറിയിപ്പു നല്‍കുന്നു. പൊലിസ് നിയമം 39(ഡി) അനുസരിച്ചാണ് ജയില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം റിപ്പോര്‍ട്ടു ചെയ്താല്‍ അതിന്റെ ഉത്തരവാദി ജയില്‍ ഡി.ജി.പി ആയിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ മെയ് നാലിനാണ് രൂപേഷിനെയും, ഭാര്യ ഷൈനയേയും ആന്ധ്രാ പൊലിസ് പിടികൂടിയത്. തുടര്‍ന്ന് കേരളാ പൊലിസിന് കൈമാറുകയായിരുന്നു.രൂപേഷ് തടവിലാണെങ്കിലും പുറത്തുള്ള അനുയായികളെ വെച്ച് ഓപ്പറേഷന്‍ നടത്താനുള്ള സാധ്യത പൊലിസ് തള്ളിക്കളയുന്നില്ല. ഇതിനായി ഇയാള്‍ അനുയായികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നു തന്നെയാണ് പൊലിസിന്റെ നിഗമനം.ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്നവര്‍ വഴിയാണ് ഇത് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ജയില്‍ അധികൃതര്‍ കൃത്യമായ നിരീക്ഷണം നടത്തണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശം.
അതേ സമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലും, തടവുകാരും ജയില്‍ വകുപ്പിന് ഏറെ തലവേദനയാണുണ്ടാക്കുന്നത്. ജീവനക്കാരുടെ കുറവ്, രാഷ്ട്രീയ തടവുകാരുടെ ധാര്‍ഷ്ട്യം, അനധികൃതമായി എത്തിക്കുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗം, മയക്കുമരുന്നുകളുടെ കൈമാറ്റം, തടവുകാരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇവിടെ ജീവനക്കാര്‍ നേരിടുന്നത്.
പത്ത് തടവുകാര്‍ക്ക് ഒരു വാര്‍ഡന്‍ എന്ന നിലയിലാണ് ജയിലില്‍ ജീവനക്കാര്‍ ഉണ്ടാകേണ്ടത്. എന്നാല്‍, വിയ്യൂരുള്‍പ്പടെ മിക്കയിടങ്ങളിലും ജീവനക്കാരേക്കാള്‍ ഇരട്ടിയാണ് തടവുകാരുടെ എണ്ണം. ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ ഈയടുത്ത് വിയ്യൂര്‍ ജയിലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന ജയിലെന്ന രീതിയില്‍ വിയ്യൂരിലെ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു തന്നെയാണ് ഡി.ജി.പിയുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."