എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മസേനകള്‍ രൂപീകരിക്കും: മന്ത്രി
ചതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അതിവൈദഗ്ധ്യം നേടിയിട്ടുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മസേനകള്‍ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കുടപ്പനക്കുന്ന് കൃഷിഭവന്റെ കീഴിലുള്ള കാര്‍ഷിക കര്‍മസേനയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സര്‍വകലാശാലയുമായി കരാര്‍ രൂപീകരിച്ചു കര്‍മ്മസേനയ്ക്കു വേണ്ട പരിശീലനവും സാങ്കേതികവിദ്യയും ലഭ്യമാക്കും. ജൈവ സംസ്ഥാനം എന്ന നിലയിലേക്ക് മുന്നേറുന്ന കേരളത്തിന് കര്‍മസേനയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പുതിയ ജൈവ കാര്‍ഷികനയം സര്‍ക്കാര്‍ രൂപീകരിക്കും. പരിസ്ഥിതിയിലെ എല്ലാ ഘടകങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ളതായിരിക്കും പുതിയ നയമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തു കൃഷിഭവനുകള്‍ തുടങ്ങിയതിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കൃഷി ഭവനുകളെ കാര്‍ഷിക സേവന ഭാവനങ്ങളായി ഉയര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
നഗരസഭാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് വഞ്ചിയൂര്‍ പി. ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാര്ഷികോല്പാദന കമ്മിഷണര്‍ ഡോ. രാജു നാരായണ സ്വാമി പദ്ധതി വിശദീകരണം നടത്തി. കൃഷിഡയറക്ടര് ബിജു പ്രഭാകര്‍ കര്‍മ്മസേനയുടെ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്മാന് ആര്.പി ശിവജി, കൃഷി അഡിഷണല്‍ ഡയറക്ടര്‍ എ.എം സുനില്‍കുമാര്‍, കൃഷി ഓഫീസര്‍ സി.എല്‍ മിനി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."