യമനില്‍ 22.2 മില്യനിലധികം ജനങ്ങള്‍ ദുരിതത്തില്‍: യു.എന്‍ റിപ്പോര്‍ട്ട്
റിയാദ്: യമനിലെ മൂന്നിലൊന്നു ജനതയും ദുരിതത്തിലാണെന്നും എട്ടര മില്യന്‍ ആളുകള്‍ ക്ഷാമത്തിന്റെ പിടിയിലാണെന്നും ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 22 മില്യനിലധികം ആളുകളാണ് അവശ്യവസ്തുക്കള്‍ക്കായി കാത്തിരിക്കുന്നതെന്നും ഇതില്‍ 11.3 പേര്‍ക്ക് അടിയന്തരസഹായം അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ എട്ടര മില്യന്‍ ജനങ്ങള്‍ യമനില്‍ ക്ഷാമത്തിലായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ സമിതിയായ യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫേഴ്‌സ് പറഞ്ഞു.
ആഭ്യന്തരയുദ്ധം ശക്തമായതിനെ തുടര്‍ന്ന് 2015ല്‍ സഊദി സഖ്യസേന കൂടി യുദ്ധമുഖത്തേക്ക് പ്രവേശിച്ചതു മുതലാണ് ദുരിതം ഇരട്ടിച്ചത്. ഇതിനിടയില്‍ ഐക്യരാഷ്ട്രസഭയുടെയും മറ്റു മേഖലയില്‍നിന്നുമുള്ള ദുരിതാശ്വാസ സഹായവും യമനിലെ വിവിധ ഭാഗങ്ങളില്‍ എത്തിയിരുന്നു. എന്നാല്‍, സഊദിക്കുനേരെ തുടര്‍ച്ചയായുണ്ടായ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നു തുറമുഖങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ പലതും പിന്നീട് തുറന്നെങ്കിലും ശക്തമായ പരിശോധനമൂലം അവശ്യവസ്തുക്കള്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.
അതേസമയം, ദുരിതാശ്വാസ പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ പ്രമുഖ തുറമുഖമായ ഹുദൈദ തുറമുഖത്ത് യു.എന്‍ സഹായത്തോടെ മൊബൈല്‍ ക്രെയിനുകള്‍ സ്ഥാപിച്ചു. കപ്പലുകളില്‍ എത്തുന്ന അവശ്യവസ്തുക്കള്‍ പുറത്തെത്തിക്കുന്നതിനാണ് ക്രെയിനുകള്‍ സ്ഥാപിച്ചത്. യമനിലേക്കുള്ള ചരക്കുകളുടെ 70 ശതമാനവും ഈ തുറമുഖം വഴിയാണ് എത്തുന്നതെന്നും യമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനം ശക്തമാക്കാന്‍ പുതിയതായി സ്ഥാപിച്ച ക്രെയിനുകള്‍ കൊണ്ട് സാധിക്കുമെന്നും യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."