എരവട്ടൂരില്‍ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത സംഭവം: പൊലിസ് കേസെടുത്തു
പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍മുക്കില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ പേരാമ്പ്ര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്തത്. കേന്ദ്രത്തിന്റെ നാലു തൂണുകളും തകര്‍ന്ന നിലയിലാണ്. ടിപ്പര്‍ ലോറിയുടെ പിറകുവശം ഉപയോഗിച്ചാണ് തകര്‍ന്നതെന്ന് കരുതുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ വാഹനം ഓടിച്ചു പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു. വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മേഖലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കല്ലോട് രണ്ടാഴ്ച മുന്‍പ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സേവാഭാരതി സ്ഥാപിച്ച ബസ് കത്തിരിപ്പു കേന്ദ്രം തകര്‍ക്കപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എരവട്ടൂരില്‍ ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി. വി.കെ പ്രമോദ്, പി.കെ ഷൈജു, കെ.പി രവി, വി. ശ്രീനി നേതൃത്വം നല്കി. ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എ.കെ പദ്മനാഭന് മാസ്റ്റര്‍, കെ.പി ഗംഗാധരന് നമ്പ്യാര്‍, എ.കെ ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."