രണ്ട് വര്‍ഷത്തിനകം മുഴുവന്‍ റോഹിംഗ്യകളെയും തിരിച്ചെത്തിക്കും: മ്യാന്മര്‍
യാങ്കോണ്‍: റോഹിംഗ്യാ അഭയാര്‍ഥികളെ നാട്ടിലേക്കു തിരിച്ചെത്തിക്കാന്‍ ബംഗ്ലാദേശും മ്യാന്മറും തമ്മില്‍ അന്തിമധാരണയായി. രണ്ടു വര്‍ഷത്തിനകം ബംഗ്ലാദേശിലെ റോഹിംഗ്യാ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന മുഴുവന്‍ പേരെയും തിരികെ നാട്ടിലെത്തിക്കുമെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ അറിയിച്ചു. അന്താരാഷ്ട്രതലത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് മ്യാന്മര്‍ സര്‍ക്കാരിന്റെ നിലപാടുമാറ്റം.
ദിവസം 300 പേര്‍ എന്ന തോതില്‍ ഒരാഴ്ച 1,500 പേരെയാണ് തിരികെ നാട്ടിലേക്ക് അതിര്‍ത്തിവഴി കടത്തിവിടുക. കുടുംബങ്ങളായി രാജ്യത്ത് കഴിയുന്നവരും ബലാത്സംഗം അടക്കം വിവിധ കാരണങ്ങളാല്‍ അനാഥകളായ കുട്ടികളും അടക്കം മുഴുവന്‍ റോഹിംഗ്യകളെയും തിരിച്ച് നാട്ടിലെത്തിക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ആഴ്ചയില്‍ 15,000 വീതം ആളുകളെ തിരികെ സ്വീകരിക്കണമെന്നായിരുന്നു ബംഗ്ലാദേശ് മ്യാന്മറിനോട് ആവശ്യപ്പെട്ടത്. ഇത് പിന്നീട് 1,500 ആയി കുറയ്ക്കുകയായിരുന്നു. മൂന്നു മാസം കഴിഞ്ഞാല്‍ അഭയാര്‍ഥി മടക്കത്തെ കുറിച്ചുള്ള വിലയിരുത്തലുണ്ടാകും.
അതേസമയം, ബംഗ്ലാദേശില്‍ പലയിടങ്ങളിലായി അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്ന റോഹിംഗ്യകള്‍ മ്യാന്മറിലേക്ക് തിരിച്ചുപോകുന്നതില്‍ ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായ കരാറിനെ കുറിച്ച് തങ്ങള്‍ക്കു യാതൊരു വിവരവുമില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും കോക്‌സ് ബസാര്‍ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന റോഹിംഗ്യ സമുദായ നേതാവായ സിറാജുല്‍ മുസ്തഫ പറഞ്ഞു.
'പ്രഥമമായി ഞങ്ങള്‍ക്കു വേണ്ടത് റോഹിംഗ്യകള്‍ എല്ല സ്വത്വത്തിലുള്ള പൗരത്വമാണ്. രണ്ടാമതായി, ഞങ്ങളുടെ ഭൂമി തിരിച്ചുതരണം. മൂന്നാമത്തെ കാര്യം, ഞങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍നിന്നുള്ള ഉറപ്പു ലഭിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ മടക്കം ഞങ്ങള്‍ക്കു നല്ലതിനാകില്ല'-സിറാജുല്‍ മുസ്തഫ വ്യക്തമാക്കി. അഭയാര്‍ഥികളെ നിര്‍ബന്ധിച്ച് മടക്കിക്കൊണ്ടുവരുന്നതില്‍ വിവിധ സഹായ സംഘങ്ങളും ആശങ്കയറിയിച്ചു കഴിഞ്ഞു.
വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മ്യാന്മര്‍ തലസ്ഥാനമായ നായ്പിയാദോവില്‍ തിങ്കളാഴ്ച ബംഗ്ലാദേശ്-മ്യാന്മര്‍ സംയുക്ത സംഘത്തിന്റെ ഏകദിന യോഗം വിളിച്ചുചേര്‍ത്തിരുന്നു.
രാജ്യത്തേക്കു തിരികെകൊണ്ടുവരുന്ന റോഹിംഗ്യകളുടെ എണ്ണം നിശ്ചയിക്കാനും രാജ്യത്തേക്കു കടക്കുമ്പോള്‍ നിരീക്ഷിക്കേണ്ട രീതികളെ കുറിച്ച് ആലോചിക്കാനുമായായിരുന്നു യോഗം. ഈമാസം 23 മുതല്‍ മടക്കയാത്ര ആരംഭിക്കാനാണു യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയോടെ പുനരധിവാസ കേന്ദ്രം സജ്ജമാക്കുമെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി 7,40,000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തിയതായാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ മ്യാന്മറിലെ റാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ അതിക്രമം ആരംഭിച്ചതോടെയാണ് ബംഗ്ലാദേശിലേക്കുള്ള പലായനം ശക്തമായത്. ഓഗസ്റ്റ് 25ന് ഇവിടത്തെ ന്യൂനപക്ഷ തീവ്രസംഘമായ ആര്‍സ പൊലിസ് വാഹനങ്ങള്‍ കത്തിച്ചതിനു പ്രതികാരമായായിരുന്നു സൈനിക നടപടി. ആയിരക്കണക്കിനു വീടുകള്‍ ചുട്ടെരിച്ച സൈന്യം നിരവധി പേരെ വധിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് 6,50,000 പേര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായാണ് യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ ഔദ്യോഗിക കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."