ഗീതാ ഗോപിനാഥിന് മുന്നറിയിപ്പുമായി സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥിന്റെ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം .
ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് മാധ്യമങ്ങള്‍ക്കു നല്‍കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദേശമല്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്.
എന്നാല്‍ ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുമുന്നണിയും കരുതലോടെയെ സമീപിക്കാവൂ. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല.
എന്നാല്‍ നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്‌പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജനയുഗം പറയുന്നു.
അതേസമയം ഗീതാ ഗോപിനാഥിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍ രംഗത്തെത്തി. അവര്‍ എല്‍.ഡി.എഫിന്റെ ഉപദേശകയല്ലെന്നും കാനം പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇടതുമുന്നണി തീരുമാനങ്ങളാണ്. ഗീതയുടെ ഉപദേശം സ്വീകരിക്കണമോയെന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുതെന്നതാണ് ഇടതുമുന്നണി നയമെന്നും കാനം കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."