നേതൃത്വത്തെ വെല്ലുവിളിച്ചു വിമതസമ്മേളനം: കെ.എന്‍.എം സമ്മര്‍ദത്തില്‍
മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തെ വെല്ലുവിളിച്ചു കക്കാട് സമ്മേളനം നടത്തിയ മടവൂര്‍ വിഭാഗം നടപടി കെ.എന്‍.എമ്മിനെ പുതിയ സമ്മര്‍ദത്തിലാക്കി.
മുജാഹിദ് വിഭാഗം പൗരോഹിത്യത്തിന്റെ പിടിയിലാണെന്നും സംഘടന പറയുന്നത് മുഴുവന്‍ അനുസരിക്കാനാവില്ലെന്നും സമ്മേളനത്തില്‍ പ്രഭാഷകര്‍ തുറന്നടിച്ചിരുന്നു.
നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കാതിരുന്ന പ്രഭാഷകര്‍, സുന്നി ആദര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിലൂടെ യഥാര്‍ഥ മുജാഹിദ് നയം തങ്ങളുടേതാണെന്നു സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. തുറന്നുപറഞ്ഞാല്‍ മെമ്പര്‍ഷിപ്പ് റദ്ദാക്കുന്നതാണ് സംഘടനയിലെ ശൈലിയെന്നും, ഇതുകാരണം താന്‍ രണ്ടിടത്ത് നിന്നും ഇത്തവണ മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെന്നും പരിപാടിയില്‍ പ്രഭാഷണം നടത്തിയ ഇബ്‌റാഹീം ബുസ്താനി പറഞ്ഞിരുന്നു.
പട്ടത്തെ പറക്കാന്‍ അനുവദിക്കാതെ കൂട്ടിപിടിക്കുന്ന നിലപാട് ശരിയല്ലെന്നും ഐ.എസ്.എമ്മിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സിഹ്‌റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുജാഹിദ് ലയന ശേഷവും തുടരുന്ന നിലപാടിനെയും സമ്മേളനത്തില്‍ ചോദ്യം ചെയ്തിരുന്നു.
പഴയ മടവൂര്‍ വിഭാഗം നേതാക്കളും പ്രവര്‍ത്തകരുമാണ് പരിപാടിയില്‍ സംബന്ധിച്ചത്. അതേസമയം കക്കാട് നടന്ന സമ്മേളനവും നേതൃത്വത്തിന്റെ അനുവാദം കൂടാതെ ഈ മാസം 21മുതല്‍ ഐ.എസ്.എം കാംപയിന്‍ പ്രഖ്യാപിച്ചതിലും അച്ചടക്ക നടപടി പെട്ടെന്നു വേണ്ടെന്നാണ് കെ.എന്‍.എം തീരുമാനമെന്നറിയുന്നു.
അബ്ദുല്‍ലത്തീഫ് കരിമ്പിലാക്കല്‍, എം.എന്‍. അബ്ദുല്‍ജലീല്‍, ഇബ്‌റാഹീം ബുസ്താനി, ഇസ്മാഈല്‍ കരിയാട്, അലിമദനി മൊറയൂര്‍ തുടങ്ങിയവരും സംസ്ഥാന സമ്മേളനത്തില്‍ വേദി അനുവദിച്ചിട്ടില്ലാത്ത മടവൂര്‍ വിഭാഗം നേതാക്കളുമായിരുന്നു കക്കാട് സമ്മേളനത്തിലെ പ്രഭാഷകര്‍.
നേരത്തെ നേതൃത്വത്തെ ചോദ്യം ചെയ്തു മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ സി.പി.ഉമര്‍ സുല്ലമിയും പങ്കെടുത്തിരുന്നു. സുല്ലമിക്കെതിരേ സമ്മേളന ശേഷം നടപടി ഉണ്ടാവുമെന്ന് ഒരുവിഭാഗം പ്രചരിപ്പിച്ചിരുന്നു. മടവൂര്‍ വിഭാഗം നേതാക്കളെയും കീഴ്ഘടകങ്ങളേയും ഒതുക്കാന്‍ അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തിന്‍ ശ്രമിക്കുന്നതായാണ് മടവൂര്‍ വിഭാഗത്തിന്റെ പരാതി.
പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ടെന്നും അക്കാര്യത്തില്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്നും കൂരിയാട് സമ്മേളനത്തില്‍ വച്ച് ഹുസൈന്‍ മടവൂര്‍ തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ അതേ വേദിയില്‍ വച്ച് സലഫി മറുപടിയും നല്‍കിയത് വിവാദമായിരുന്നു. അതിനിടെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പെട്ടെന്ന് നടപടിയെടുക്കേണ്ടെന്ന കെ.എന്‍.എം തീരുമാന പ്രകാരം, മാറ്റിനിര്‍ത്തപ്പെട്ടവരുമായി സംസാരിക്കാന്‍ ഗള്‍ഫ് ഘടകത്തിലെ രണ്ടു ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം നിയോഗിച്ചിട്ടുണ്ട്. സംഘടനയുടെ ഉള്ളില്‍ നിന്ന് നിലപാടിലുറച്ച് മുന്നോട്ടുപോവാനാണ് ഐ.എസ്.എം മടവൂര്‍ വിഭാഗം നീക്കം.
ഈമാസം മുതല്‍ സ്വതന്ത്ര കാംപയിനുമായി മുന്നോട്ടുപോകും. കാംപയിന്‍ ഉദ്ഘാടനം 21ന് കോഴിക്കോട്ട് നടക്കും. കെ.എന്‍.എമ്മിനെ വെല്ലുവിളിച്ചു പ്രഖ്യാപിച്ച പരിപാടിയായതിനാല്‍ ഹുസൈന്‍ മടവൂരിനെ പങ്കെടുപ്പിക്കാതെ നടത്താനാണ് മടവൂര്‍ വിഭാഗം ഐ.എസ്.എം ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."