കലിപ്പടക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇനി കപ്പടിക്കണം
കലിപ്പടക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇനി കപ്പടിക്കാനുള്ള ഒരുക്കത്തില്‍. നിര്‍ണായകമായിരുന്ന രണ്ട് മത്സരത്തിലും വിജയിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കപ്പിലേക്കുള്ള സാധ്യതകള്‍ തെളിയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പതിനൊന്നാമത്തെ മത്സരമാണ് ഇന്ന് വൈകീട്ട് എട്ടിന് ജംഷഡ്പുര്‍ എഫ്. സിക്കെതിരേയുള്ളത്. ഇന്നത്തെ മത്സരം കൂടി ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മികച്ച മുന്നേറ്റം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനാകും.
നിലവില്‍ പത്ത് കളികളില്‍ നിന്ന് 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സുള്ളത്. അതില്‍ മൂന്ന് മത്സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. അഞ്ച് മത്സരത്തിലെ സമനിലയാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനിലതെറ്റാതെ ആറാം സ്ഥാനത്ത് നിലനിര്‍ത്തിയത്. ഇന്ന് ജംഷഡ്പുരിനെതിരേ വിജയിക്കുകയാണെങ്കില്‍ ആദ്യത്തെ നാലു സ്ഥാനത്തിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സിന് ഇടം നേടാനാകും. എട്ടാം സ്ഥാനത്തുള്ള ജംഷഡ്പുരിന് 10 പോയിന്റ് മാത്രമാണുള്ളത്. ഇന്നത്തെ വിജയം ബ്ലാസ്റ്റേഴ്‌സിന്റെ മാനസികമായ മുന്‍തൂക്ക നല്‍ുകന്നതുമായിരിക്കും.
ഡേവിഡ് ജയിംസ് മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം നല്ല നിലയിലായ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് ഇന്നത്തെ മത്സരത്തിലെ മുന്‍തൂക്കം. മികച്ച ഫോമിലുള്ള ഇയാന്‍ ഹ്യൂമിന്റെ സാനിധ്യം ടീമിന് മികച്ച ആത്മവിശ്വാസം നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹ്യൂമിന്റെ ഒറ്റയാന്‍ പ്രകടനത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് കരപറ്റിയത്.
ഇന്നത്തെ മത്സരത്തിലും ഹ്യൂമിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം റിനോ ആന്റോയുടെ പരുക്ക് കാരണം ആദ്യ ഇലവനില്‍ ഉള്‍പെട്ടിട്ടില്ല.
ഇത് ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാകും. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ മാര്‍ക്ക് സിഫിനിയോസിനേയും ബെര്‍ബെറ്റോവിനേയും ആദ്യ ഇലവനില്‍ ഉള്‍പെടുത്തുന്ന കാര്യം തീരുമാനമായിട്ടില്ല. രണ്ട് താരങ്ങളും ഫോമിലല്ലാത്തതാണ് കാരണം. ആദ്യത്തെ മത്സരത്തില്‍ മാത്രമാണ് സിഫിനിയോസിന് ഗോള്‍ നേടാനായത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സിഫിനിയോസ് പൂര്‍ണ പരാജയമായിരുന്നു.
അതേസമയം പരുക്ക് മാറി തിരിച്ചെത്തിയ മലയാളി താരം അനസ് ജംഷഡ്പുരിന്റെ പ്രതിരോധം കാക്കുന്നുണ്ട്. പരുക്കും പിതാവിന്റെ മരണവും കാരണം അനസിന് കഴിഞ്ഞ നാലു മത്സരങ്ങള്‍ കളിക്കാനായിട്ടില്ല.
പ്രതിരോധ നിരയില്‍ അനസിന്റെ സാനിധ്യം ജംഷഡ്പുരിന് നല്ല ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ഇയാന്‍ ഹ്യൂം, പെക്കുസന്‍, കിസിറ്റോ എന്നിവരെ വരിഞ്ഞു കെട്ടാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജംഷഡ്പുര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."