കുറ്റപത്രം ചോര്‍ന്നതെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണം വേണമെന്ന് കോടതി
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലിസ് ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന ദിലീപിന്റെ ഹരജിയില്‍ അന്വേഷണം നടത്തണമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. അതേസമയം, ദൃശ്യങ്ങള്‍ നല്‍കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് കോടതി 22 ലേക്ക് മാറ്റി.
കേസില്‍ ഇരു വിഭാഗത്തിന്റെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും നിലവില്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നേരത്തെമുതല്‍ വരുന്നതാണെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചിരുന്നു. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പ്രതികളുമായി ബന്ധപ്പെട്ടതു മാത്രമാണെന്നും ഇരയെ ബാധിക്കുന്ന വാര്‍ത്തകളൊന്നും വന്നിട്ടില്ലെന്നുമാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
അതേസമയം, കുറ്റപത്രത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം അന്വേഷണ സംഘത്തിന്റേതാണ്. അതുകൊണ്ട് കുറ്റപത്രം ചോര്‍ന്ന സംഭവത്തിന്റെ ഉത്തരവാദിത്വവും അന്വേഷണ ഉദ്യോഗസ്ഥര്ക്കാണെന്നാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."