പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഉദയംപേരൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ഉദയംപേരൂരില്‍ യുവാവിന്റെ കുത്തേറ്റ കോളജ് വിദ്യാര്‍ഥിനിയുടെ നിലയില്‍ പുരോഗതി. എറണാകുളം സ്‌പെഷ്യലിസ്റ്റ്് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ അമ്പിളി എസ്.രംഗന്റെ (20) നില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വലതുകൈയിലെ മുട്ടിനു താഴെയുള്ള പ്രധാന ഞരമ്പ് അറ്റുപോയത് ശസ്ത്രക്രിയയിലൂടെ ചേര്‍ത്തു. തോളെല്ലിനും തലക്കും വെട്ടേറ്റിരുന്നു. തലയോട്ടിക്ക് ചെറിയ പൊട്ടലുണ്ടായിരുന്നു. കൂട്ടിയോജിപ്പിച്ച ഞരമ്പുകളുടെ പ്രവര്‍ത്തനം സുഗമമാകാന്‍ മാസങ്ങളെടുക്കുമെന്നും മസിലുകള്‍ രണ്ടാഴ്ചക്കകം പ്രവര്‍ത്തന ക്ഷമമാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നു. സീനിയര്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മനോജ് സനാപ്, അനസ്‌തേഷ്യസ്റ്റ് ഡോ. രാജന്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. അതിതീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണിപ്പോള്‍.
സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് തലയോലപറമ്പ് ഡിബി കോളജ് വിദ്യാര്‍ത്ഥിനിയായ അമ്പിളി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ ആക്രമണത്തിനിരയായത്. വീടിനു സമീപത്ത് നിന്നിരുന്ന അമല്‍ അമ്പിളിയെ വെട്ടുകയായിരുന്നു. തലക്കും തോളിനും കൈക്കുമാണ് വേട്ടേറ്റത്. അയല്‍വാസികളായ അമലും അമ്പിളിയും പ്രണയത്തിലായിരുന്നുവെന്നും ഇതെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമായതെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തിനു ശേഷം പൊലീസില്‍ കീഴടങ്ങിയ അമലിനെ 307-ാം വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."