വനിതാകമ്മിഷന്‍ അദാലത്ത്: 49 കേസുകള്‍ തീര്‍പ്പാക്കി
കൊച്ചി:ഇന്നലെ ടി.ഡി.എം ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 49 കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു.കുടുംബ പ്രശ്‌നങ്ങള്‍,വഴിത്തര്‍ക്കങ്ങള്‍ തുടങ്ങിയ കേസുകളായിരുന്നു ഇവയിലേറെയും.ആകെ 115 കേസുകളാണ് ഇന്നലെ കമ്മിഷന്‍ അംഗം ലിസി ജോസിന്റെ നേതൃത്വത്തില്‍ പരിഗണിച്ചത്. 18 കേസുകള്‍ പൊലിസിന്റെ പരിഗണനയ്ക്കും ഏഴ് കേസുകള്‍ ആര്‍.ഡി.ഒയ്ക്കും അയച്ചു.
നാല് കേസുകള്‍ കൗണ്‍സിലിങ്ങിനയച്ചപ്പോള്‍ 37 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഐ.ടി മേഖലയിലെ യുവ എഞ്ചിനീയര്‍മാരും ഇന്നലെ കമ്മിഷന്‍ മുമ്പാകെ എത്തി.സര്‍ക്കാരില്‍ നിന്ന് പ്രോജക്ടിന്റെ പണം ലഭിക്കാത്തത്തിനാലാണ് ശമ്പളം നല്‍കാത്തതെന്നും പണം ലഭ്യമായാലുടന്‍ ശമ്പളം നല്‍കുമെന്ന് സ്ഥാപന ഉടമ കമ്മിഷനെ അറിയിച്ചെങ്കിലും എഞ്ചിനീയര്‍മാര്‍ വഴങ്ങിയില്ല.തങ്ങള്‍ക്ക് ഉടന്‍ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിലപാടിലായിരുന്നു ഇവര്‍.
ഭര്‍ത്താവ് പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുന്നെന്ന യുവതിയുടെ പരാതിയും ഇന്നലെ കമ്മിഷന് ലഭിച്ചു.വിവാഹത്തിനുശേഷം തന്നെ ഭര്‍ത്താവ് കാനഡയിലേക്ക് കൊണ്ടുപോയെങ്കിലും ഏഴ് മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചുകൊണ്ടുവരികയായിരുന്നു.വീട്ടില്‍ കൊണ്ടുപോയാക്കിയ തന്നെ തിരക്കി പിന്നെ ഭര്‍ത്താവോ, ഭര്‍ത്താവിന്റെ വീട്ടുകാരോ എത്തിയില്ല.കാനഡയില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് തനിക്ക് ഡൈവോഴ്‌സ് നോട്ടീസ് അയക്കുകയായിരുന്നു.ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ മകന് വേണ്ടാത്ത നിന്നെ ഞങ്ങള്‍ക്കും വേണ്ട എന്നായിരുന്നു മാതാപിതാക്കളുടെ മറുപടിയെന്നും യുവതി കമ്മിഷന് പരാതി നല്‍കി.
ഭര്‍ത്താവ് കൈവശം വെച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.മാതാപിതാക്കള്‍ വിവാഹിതരാകാത്തതിനാല്‍ തനിക്ക് പിതാവില്‍ നിന്ന് ചെലവിന് പണം ലഭ്യമാകാന്‍ നിയമതടസ്സമുണ്ടെന്നും ഇത് നീക്കിതരണമെന്നുമായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആവശ്യം.ഫോറസ്റ്റ് വകുപ്പില്‍ ഉദ്യോഗസ്ഥനായ തന്റെ പിതാവ് ഭാര്യയും മക്കളും ഉണ്ടെന്ന വിവരം മറച്ചുവെച്ചായിരുന്നു തന്റെ മാതാവുമായി ഒരുമിച്ച് താമസം തുടങ്ങിയത്. എന്നാല്‍ താന്‍ ജനിക്കുന്നതിനുമുമ്പ് വിവരമറിഞ്ഞ മാതാവ് പിതാവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി കമ്മിഷനെ ധരിപ്പിച്ചു.പിതാവിനെ ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കാന്‍ ശ്രമം നടത്തുമെന്ന് കമ്മിഷന്‍ പറഞ്ഞു.അമ്മയാകാനുള്ള അവസാന വഴിയുമടഞ്ഞതിന്റെ വേദന കടിച്ചമര്‍ത്തി തന്റെ അണ്ഡാശങ്ങള്‍ നീക്കം ചെയ്ത ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വൈറ്റില സ്വദേശിയായ യുവതിയും ഭര്‍ത്താവിനൊപ്പം അദാലത്തിലെത്തി. അഡ്വ. മേഘ ദിനേശ്, അഡ്വ. സതീഷ്, മാത്യൂസ് സക്കറിയ, അഡ്വ. കെ.ജി. മേരി, ഫാമിലി കൗണ്‍സിലര്‍മാരായ സിനി, വനിതാ സെല്‍ സി.ഐ ഷാര്‍ലെറ്റ് മാണി, ഷിനി.കെ. പ്രഭാകരന്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."