ഓരുവെള്ള ഭീഷണി: ജനകീയ പ്രക്ഷോഭത്തിന് നാളെ തുടക്കം
തലയോലപ്പറമ്പ്: ഓരുവെള്ള ഭീഷണിയില്‍ നിന്നും മൂവാറ്റുപുഴയാറിനെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നു.
ശുദ്ധജലം ഒഴുകിയിരുന്ന മൂവാറ്റുപുഴയാറ്റില്‍ ഉപ്പുവെള്ളം കയറി വ്യാപകമായി കൃഷിനാശവും കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണി ഉയരുകയും ചെയ്തിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് സമരം ആരംഭിക്കുന്നത്.
തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സമരങ്ങളുടെ ഭാഗമായി പുഴയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി നാളെ മൂവാറ്റുപുഴയാറ്റില്‍ പാലാംകടവ് ഭാഗത്ത് പ്രതിഷേധജ്യോതി തെളിയിക്കും.
പുഴയില്‍ മണ്‍ചിരാതുകള്‍ ഒഴുക്കിയാണ് ഓരുവെള്ള പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന് തുടക്കം കുറിക്കുന്നത്. പുഴയില്‍ വെള്ളം കയറി ചെമ്പ്, ഉദയനാപുരം, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളില്‍ വന്‍കൃഷിനാശമാണ് സംഭവിക്കുന്നത്.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്കും മൂവാറ്റുപുഴയാറ്റിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് ഓരുവെള്ളം കടക്കാതെ മുന്‍പ് തടയണ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഓരുവെള്ള ഭീഷണി രൂക്ഷമായിട്ടും സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ബഹുജന സമരം സംഘടിപ്പിച്ചിരിക്കുന്നത്.
പത്തിന് വൈകുന്നേരം അഞ്ചിന് പാലാംകടവില്‍ നടക്കുന്ന പ്രതിഷേധ ജ്യോതി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ സമരത്തിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."