വാഹനങ്ങളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കും
കോട്ടയം: മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്ത് തടയുന്നതിനുളള നടപടികളുടെ ഭാഗമായി വാഹന പരിശോധന ശക്തിപ്പെടുത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു.
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊലിസ് എക്‌സൈസ് സംയുക്ത പരിശോധനയും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനവും കാര്യക്ഷമമാക്കും. പാന്‍മസാല പോലുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും ഉപയോഗം നിരോധിച്ചിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ളവരില്‍ ഇവയുടെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യോഗത്തില്‍ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഇത്തരം ഉല്‍പന്നങ്ങള്‍ റോഡരികില്‍ കുടയ്ക്ക് കീഴിലിരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരേ പെലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ എക്‌സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ 946 പേര്‍ക്കെതിരേ കേസെടുക്കുകയും 224 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.
വിവിധ കേസുകളിലായി 1,42,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. പെലിസ് നടത്തിയ 148 റെയ്ഡില്‍ 21 പേരെ അറസ്റ്റ് ചെയ്തു. മദ്യം, മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരങ്ങള്‍ 9447178057 എന്ന വാട്‌സ് ആപ് നമ്പരില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."