ആശാന്റെ നെഞ്ചത്തടിക്കാനായില്ല; ജംഷഡ്പൂരിനോട് ബ്ലാസ്റ്റേഴ്സിന് തോല്‍വി
ജംഷഡ്പൂര്‍: കൊപ്പലാശാന്റെ (ജംഷഡ്പൂര്‍ പരിശിലകന് ജയിംസ് കൊപ്പല്‍) നെഞ്ചത്തടിക്കണമെന്ന ആശയോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ കളത്തിലിറങ്ങിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് എവേ മത്സരത്തിലെ പോരാട്ടവീര്യം പുറത്തെടുക്കാന്‍ കേരളത്തിനായില്ല. ജംഷഡ്പൂരിന്റെ രണ്ടു ഗോളുകള്‍ക്കു മുന്നില്‍ ഒരു ഗോള്‍ മാത്രം നേടിയ കേരളത്തിന് തോല്‍വി സമ്മതിക്കേണ്ടി വന്നു.
കളി തുടങ്ങി 22-ാം സെക്കന്‍ഡില്‍ തന്നെ റെക്കോര്‍ഡ് വേഗത്തില്‍ ഗോളടിച്ചാണ് ജംഷഡ്പൂര്‍ തുടങ്ങിയത്. ജെറി മോഷിങ്തങയുടെ കാലില്‍ നിന്ന് പറന്ന ആ ഗോളിന്റെ മികവില്‍ ജംഷഡ്പൂര്‍ ഫോമിലെത്തി. 31-ാം മിനിറ്റില്‍ അഷിം ബിശ്വാസിന്റെ വക ജംഷഡ്പൂരിന് രണ്ടാം ഗോള്‍.
പിന്നീട് തിരിച്ചടിക്ക് ശ്രമിച്ച കേരളത്തിന് ഒന്നും ചെയ്യാനായില്ല. ഇഞ്ചുറി ടൈമില്‍ മാര്‍ക്ക് സിഫ്നിയോസാണ് കേരളത്തിന്റെ അഭിമാനം കാത്ത് ഒരു മറുപടി ഗോള്‍ നല്‍കിയത്. 78-ാം മിനിറ്റില്‍ ഹ്യൂമിന് പകരമെത്തിയാണ് സിഫ്നിയോസ് മിന്നിച്ചത്.
ഡേവിഡ് ജയിംസ് മുഖ്യപരീശീലകനായി സ്ഥാനമേറ്റ ശേഷം നടന്ന രണ്ടു കളികളിലും വിജയിച്ചതിനാല്‍ ഇന്നത്തെ കളിയിലും പ്രതീക്ഷയുണ്ടായിരുന്നു. മികച്ച ഫോമിലുള്ള ഇയാന്‍ ഹ്യൂമിനാവട്ടെ ഇന്ന് തിളങ്ങാനായില്ല. ഇതോടെ ഹ്യൂമിനെ 78-ാം മിനിറ്റില്‍ പിന്‍വലിച്ച് സിഫിനിയോസിനെ കളത്തിലിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."