ആര്‍.ഡി.ഒയുടെ ഉത്തരവ്; നിര്‍മ്മാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങള്‍ക്ക് വിലങ്ങുതടിയാവും
തൊടുപുഴ: മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ദേവികുളം ആര്‍.ഡി.ഒ. ഉത്തരവിറക്കിയത് ദേവികുളം, ഉടുമ്പന്‍ചോല വില്ലേജുകളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങള്‍ക്ക് വിലങ്ങുതടിയാവും.
മൂന്നാര്‍ കോളനി, ആനച്ചാല്‍, പള്ളിവാസല്‍, ചിന്നക്കനാല്‍, മൂന്നാര്‍ ടൗണ്‍, പഴയമൂന്നാര്‍ മേഖലയിലാണ് സ്വകാര്യവ്യക്തികള്‍ വ്യാപകമായി നിര്‍മ്മാണങ്ങള്‍ നടത്തിവരുന്നത്. പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന മോഡിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ പലതും അനധിക്യതമാണെന്ന് വ്യക്തമാണെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ റവന്യു ഉദ്യോഗസ്ഥരും തയ്യറാകുന്നില്ല. സര്‍ക്കാര്‍ ഭൂമി അനധിക്യതമായി കൈയ്യടക്കിവെച്ച് നിര്‍മ്മാണം നടത്തുന്നവര്‍ക്ക് പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പറുകള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. സര്‍ക്കാര്‍ ഭൂമി കൈയ്യടക്കിയ ആയിരക്കണക്കിനുപേര്‍ക്കാണ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് അധിക്യതര്‍ നമ്പറുകള്‍ നല്‍കിയത്.
ആനച്ചാല്‍ മേഖലകളില്‍ വന്‍മലകള്‍ ഇടിച്ചുനിരത്തി കൈയ്യേറ്റങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
മലകള്‍ ഇടിച്ചുനിരത്തി പത്തുനിലകള്‍വരെ പണിതുയര്‍ത്തി. പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ നടത്തിയ നിര്‍മ്മാണങ്ങള്‍ക്ക് തടയിടാന്‍ ദേവികുളം ആര്‍ഡിഒ നിയമനടപടി സ്വീകരിച്ചത് മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്ക് ഒരുപരുധിവരെ അറുതിവരുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
മൂന്നാറിനു പുറമെ ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, ആനവിരട്ടി, ബൈസന്‍വാലി, പള്ളിവാസല്‍ വില്ലേജുകളിലെ നിര്‍മ്മാണത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തി ദേവികുളം ആര്‍ ഡി ഒ സബിന്‍ സമീദ് ഉത്തരവിറക്കിയത്. ജില്ലാ കലക്ടറുടെ എന്‍ഒസിയില്ലാതെ മൂന്നാറടക്കമുള്ള എട്ടുവില്ലേജുകളില്‍ നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെപ്പിക്കാന്‍ ആര്‍ഡിഒ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."