മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്ന്; പതിനായിരങ്ങള്‍ പങ്കെടുക്കും
ഫൈസാബാദ്: ജാമിഅ നൂരിയ്യ അറബിയ്യയുടെ സമ്മേളനത്തോടനുബന്ധിച്ച് മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം ഇന്നു വൈകിട്ട് നടക്കും. മഅ്‌രിബ് നിസ്‌കാരശേഷം ആരംഭിക്കുന്ന ആത്മീയ സംഗമത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രസംഗം നടത്തും. സാദാത്തുക്കളും സൂഫീവര്യന്‍മാരും പണ്ഡിതന്‍മാരും നേതൃത്വം നല്‍കും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഅലവി, ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, ഇമ്പിച്ചിക്കോയ തങ്ങല്‍ ഒറ്റപ്പാലം തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും. അല്‍മുനീര്‍ വാര്‍ഷിക പതിപ്പ് സമ്മേളനത്തില്‍ പ്രകാശിതമാകും.
ഇന്ന് കാലത്ത് 10ന് ഓപ്പണ്‍ ഡിബേറ്റ് സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആനിന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചക്ക് ജാമിഅഃയിലെ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ നേതൃത്വം നല്‍കും. ഉച്ചക്ക് 2ന് നടക്കുന്ന അലൂംനി മീറ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, കെ.എ റഹ്മാന്‍ ഫൈസി പ്രസംഗിക്കും. വൈകിട്ട് 4.30ന് തസവ്വുഫ് സമ്മേളനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തും. ബശീര്‍ ഫൈസി ദേശമംഗലം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസംഗിക്കും.
നാളെ(വെള്ളി)സാംസ്‌കാരിക സമ്മേളനം, ദേശീയ സെമിനാര്‍, ധൈഷണികം, ശനിയാഴ്ച വിദ്യാഭ്യാസ സമ്മേളനം, മോട്ടിവേഷന്‍ സെഷന്‍, ജാമിഅ ഗ്രാന്‍ഡ് സെല്യൂട്ട്, ദഅ്‌വാ സമ്മേളനം എന്നിവയും നടക്കും.
ഞായറാഴ്ച ശാക്തീകരണ സമ്മേളനം, കന്നട, ലക്ഷദ്വീപ് വിദ്യാര്‍ഥി സമ്മേളനങ്ങള്‍, നാഷനല്‍ മിഷന്‍ കോണ്‍ഫറന്‍സ്, സ്ഥാനവസ്ത്ര വിതരണം, മദ്ഹുറസൂല്‍ സെഷന്‍ നടക്കും. വൈകിട്ട് ഏഴിനാണ് സമാപന സമ്മേളനം.
ഫെസ്റ്റ് ഫിനാലെ
സമാപിച്ചു
പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ 55ാം വാര്‍ഷിക 53ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ഫെസ്റ്റ് ഫിനാലെ സമാപിച്ചു. മുന്നൂറോളം ദര്‍സുകളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ഥികളാണ് 56 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്.
സീനിയര്‍ വിഭാഗത്തില്‍ ആലത്തൂര്‍പടി ദര്‍സ്, കോടങ്ങാട് ദര്‍സ്, പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ അന്‍സ്വാറുല്‍ ഇസ്‌ലാം ദര്‍സ് എന്നിവ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങളും ജൂനിയര്‍ വിഭാഗത്തില്‍ കോടങ്ങാട് ദര്‍സ്, ആലത്തൂര്‍പടി ദര്‍സ്, പൂക്കോട്ടൂര്‍ പാപ്പാട്ടുങ്ങല്‍ അന്‍സ്വാറുല്‍ ഇസ്‌ലാം ദര്‍സ് എന്നിവ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥനങ്ങളും നേടി. സീനിയര്‍ വിഭാഗത്തില്‍ ഹാഫിള് അലി മുനവ്വര്‍ കോടങ്ങാടും ജൂനിയര്‍ വിഭാഗത്തില്‍ ആസിഫ് കോടങ്ങാടും കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
ഇസ്‌ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക: മൗലാനാ മുഹിബ്ബുല്ല
ഫൈസാബാദ്: ഇസ്‌ലാമിക മൂല്യങ്ങളെ ജീവിതശൈലിയായി പ്രായോഗികവല്‍ക്കരിക്കുകയാണ് ലോകത്ത് മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാനകാല പ്രതിസന്ധിക്കുള്ള പരിഹാരമാര്‍ഗമെന്നു ഡല്‍ഹി പാര്‍ലമെന്റ് മസ്ജിദ് ഇമാം മൗലാനാ മുഹിബ്ബുല്ലാ മുഹമ്മദലി അന്നദ്‌വി. ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമും മുസ്‌ലിംകളും തമ്മില്‍ അന്തരങ്ങള്‍ ഉണ്ടായിക്കൂടാ. കുടുംബ, വൈയക്തിക, സാമൂഹിക വ്യവഹാര മേഖലകളിലെ കാലുഷ്യങ്ങള്‍ക്കുള്ള പരിഹാരം ഇസ്‌ലാമിക നിയമങ്ങളും പ്രവാചക അധ്യാപനങ്ങളും പ്രായോഗവല്‍ക്കരിക്കുകയാണ്. ഈ യഥാര്‍ഥ മൂല്യങ്ങളെ പിന്തുടരുന്നതിലൂടെ സംസ്‌കാര സമ്പന്നവും ലോകത്ത് തകര്‍പ്പെടാനാവാത്ത ശക്തിയുമായി മുസ്‌ലിംകള്‍ മാറും. സ്വഹാബികളിലൂടെ നേരിട്ട് ഇസ്‌ലാമിനെ മനസിലാക്കാന്‍ കഴിഞ്ഞതിനാല്‍ ഇസ്‌ലാമിന്റെ തനിമ ചോരാതെ നിര്‍ത്താന്‍ കേരളത്തിനു സാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ നാടുകളെ അപേക്ഷിച്ചു വൈജ്ഞാനിക രംഗത്ത് നേടിയ പുരോഗതി കേരളത്തില്‍ പ്രകടമാണ്. പണ്ഡിതരുടെ ആത്മാര്‍ഥമായ ശ്രമഫലമായി കേരളത്തിനു ലഭിച്ച ഈ മതകീയ ചുറ്റുപാടിന്റെ ഗുണഫലം ലോകമുസ്‌ലിംകള്‍ക്ക് മാതൃകയും അഭിമാനകരവുമാണെന്നും ജാമിഅ നൂരിയ്യ ഇക്കാര്യത്തില്‍ വഹിക്കുന്ന ദൗത്യം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."