പാസ്‌പോര്‍ട്ട് നിറം മാറുമ്പോള്‍...
ന്യൂഡല്‍ഹി: അപേക്ഷകന്റെ എമിഗ്രേഷന്‍ സ്റ്റാറ്റസിന് അനുസരിച്ച് പുതിയ നിറമുള്ള പുറം ചട്ട(ജാക്കറ്റു)കളാകും ഇനിമുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ഉണ്ടാകുകയെന്നും വിലാസവും മറ്റ് കുടുംബ വിവരങ്ങളും ഒഴിവാക്കുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ടില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെ ? ഇതിനുള്ള കാരണം? എത്രതരം പാസ്‌പോര്‍ട്ടുകള്‍ നിലവിലുണ്ട്? പുതിയ മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്നതെന്തൊക്കെ?
പാസ്‌പോര്‍ട്ടില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
പാസ്‌പോര്‍ട്ട് ഉടമയുടെ മാതാപിതാക്കളുടെയും പങ്കാളിയുടെയും പേരുകള്‍, വിലാസം, എമിഗ്രേഷന്‍ പരിശോധനാ ആവശ്യകത, പഴയ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍, അനുവദിച്ച തീയതിയും സ്ഥലവും എന്നീ വിവരങ്ങള്‍ അടങ്ങിയ പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഇനി ഉണ്ടാകില്ല. എമിഗ്രേഷന്‍ പരിശോധനാ ആവശ്യകതയുള്ള വ്യക്തികള്‍ക്ക് ഓറഞ്ച് നിറത്തില്‍ ജാക്കറ്റുള്ള പാസ്‌പോര്‍ട്ട് ആയിരിക്കും ലഭിക്കുക. പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് ഇപ്പോഴുള്ള നീലനിറത്തിലുള്ളതു തന്നെയായിരിക്കും തുടര്‍ന്നും ലഭിക്കുക.
പുതിയ തീരുമാനത്തിന് കാരണം
വിദേശകാര്യമന്ത്രാലയത്തിലെയും സ്ത്രീ-ശിശു വികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ഇത്തരത്തിലുള്ള മാറ്റം. പലകാരണങ്ങള്‍കൊണ്ടും ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ടില്‍ പിതാവിന്റെ പേര് വയ്‌ക്കേണ്ടെന്ന മാതാവിന്റെയോ കുട്ടിയുടെയോ തന്നെ ആവശ്യവും ഒറ്റയായ മാതാവിന്റെ കുഞ്ഞുങ്ങളുടെയും ദത്തെടുത്ത കുഞ്ഞുങ്ങളുടെയും പാസ്‌പോര്‍ട്ടുകളിലെ ചില പ്രശ്‌നങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.
നിലവിലെ പാസ്‌പോര്‍ട്ടുകളുടെ കാലപരിധിക്കു ശേഷം പുതിയത്
ഇതുവരെ ഇതിന് ഒരു കാലപരിധി നിശ്ചയിച്ചിട്ടില്ല. നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസ് ആയിരിക്കും പുതിയ പാസ്‌പോര്‍ട്ട് ബുക്ക് ലെറ്റ് പുറത്തിറക്കുക.
ഇത് ഡിസൈന്‍ ചെയ്ത് അച്ചടിച്ച് വിതരണത്തിനായി വിദേശകാര്യമന്ത്രാലയത്തിന് ലഭിക്കുന്നതുവരെ പഴയരൂപത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ തന്നെയായിരിക്കും അനുവദിക്കുക. ഇപ്പോള്‍ നിലവിലുള്ളവയുടെ കാലാവധി തീരും വരെയായിരിക്കും സാധുവായിരിക്കുക.
എമിഗ്രേഷന്‍
പരിശോധന
1983ലെ എമിഗ്രേഷന്‍ നിയമം അനുസരിച്ച് ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകുന്നതിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. അതുകൊണ്ട് എല്ലാ പാസ്‌പോര്‍ട്ടുകളിലും ഒന്നുകില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് അല്ലെങ്കില്‍ ക്ലിയറന്‍സ് ആവശ്യമില്ല എന്ന് രേഖപ്പെടുത്തിയിരിക്കും.
തൊഴിലെടുക്കാനായി ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിട്ട് പോകുന്നതിനെയാണ് എമിഗ്രേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ബ്രൂണെയ്, കുവൈത്ത്, ഇന്തോനേഷ്യ, ജോര്‍ദ്ദാന്‍, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സുഡാന്‍, സഊദി, സിറിയ, തായ്‌ലാന്‍ഡ്, യു.എ.ഇ, യെമന്‍ എന്നീ രാജ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
അംഗീകരിക്കുന്ന പാസ്‌പോര്‍ട്ടുകള്‍
മൂന്നുതരം പാസ്‌പോര്‍ട്ടുകളാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ളത്.
സാധാരണ പാസ്‌പോര്‍ട്ട്-ഇത് നേവി ബ്ലൂ നിറത്തില്‍ മേല്‍ചട്ടയുള്ളതാണ്. വിനോദ സഞ്ചാരവും ബിസിനസും ഉള്‍പ്പെടുന്ന സാധാരണ വിദേശ യാത്ര ചെയ്യാന്‍ സാധാരണ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന രേഖയാണിത്.
നയതന്ത്ര പാസ്‌പോര്‍ട്ട്-മെറൂണ്‍ നിറത്തിലുള്ള മേല്‍ചട്ടയാണ് .ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും ജോയിന്റ് സെക്രട്ടറിമുതല്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര ദൂതന്മാര്‍ക്കും അനുവദിച്ചിട്ടുള്ളതാണിത്.
ഔദ്യോഗിക പാസ്‌പോര്‍ട്ട്- വെള്ള പുറം ചട്ടയുള്ളതായിരിക്കും.വിദേശങ്ങളില്‍ ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രപതിനിധീകരിക്കുന്ന വ്യക്തികള്‍ക്കുള്ളതാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."