പന്നിയാര്‍ പുഴയെ മലിനമാക്കി അറവുമാലിന്യം
രാജോക്കാട്: ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ പന്നിയാര്‍ പുഴയില്‍ വന്‍തോതില്‍ ഇറച്ചിക്കോഴിയുടെ അറവുമാലിന്യം തള്ളുന്നു. മഴക്കാലം ആരംഭിച്ച് ഹൈറേഞ്ച് മേഖലയില്‍ ജലജെന്യ രോഗങ്ങളും പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കുന്ന സമയത്താണ് ഇത്തരത്തില്‍ അറവുമാലിന്യങ്ങള്‍ അടക്കം വന്‍തോതില്‍ പുഴയിലേക്ക് നിക്ഷേപിക്കുന്നത്.
പന്നിയാര്‍പുഴയെ മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതരുടെ കടുത്ത അവഗണനയില്‍ കയ്യേറ്റങ്ങള്‍കൊണ്ടും മാലിന്യ നിക്ഷേപംകൊണ്ടും പന്നിയാര്‍പുഴ അനുദിനം ഇല്ലാതാവുന്ന അവസ്ഥയാണുള്ളത്. വെള്ളിയാഴ്ച രാത്രിയിലും പൂപ്പാറ ടൗണിന് മുകള്‍ ഭാഗത്ത് ഇരുട്ടിന്റെ മറവില്‍ ഇറച്ചിക്കോഴിയുടെ അറവ് അവശിഷ്ടങ്ങള്‍ പുഴയിലേക്ക് തള്ളി.
ഇവ ഒഴുകിയെത്തി പൂപ്പാറ പാലത്തിന് സമീപത്തുളള ഹോട്ടലിനോട് ചേര്‍ന്ന് കെട്ടിക്കിടക്കുന്നതോടെ പ്രതിക്ഷേധം ശക്തമായി. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് പന്നിയാര്‍പുഴയിലെ വെള്ളം ശുദ്ധീകരിച്ചാണ്. മാത്രവുമല്ല പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ആയിരക്കണക്കിനാളുകള്‍ കുളിക്കുന്നതും ഇതേ പുഴയില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ വന്‍തോതിലുള്ള മാലിന്യ നിക്ഷേപം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
മാലിന്യ സംസ്‌ക്കരണത്തിന് വേണ്ട സൗകര്യമില്ലാത്തതാണ് ഇവിടെ ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടക്കാന്‍കാരണം. പൂപ്പാറ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങലില്‍ നിന്നുമുള്ള പ്ലാസ്റ്റിക്കും ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് ടൗണിന്റെ പല ഭാഗത്തായിട്ടാണ്. ഇവയെല്ലാം മഴ വെള്ളപ്പാച്ചിലില്‍ ചെന്നെത്തുന്നത് പുഴയിലേക്കും. ടൗണിന് സമീപത്തായി പുഴയോട് ചേര്‍ന്ന് നിരവധി അറവുശാലകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നുമുള്ള അറവ് മാലിന്യങ്ങളും മലിന ജലവും ഒഴുക്കിവുടുന്നതും പുഴയിലേക്കാണ്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് നാട്ടുകാരും നിരവധി തവണ ആരോഗ്യവകുപ്പിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും പുഴയെ സംരക്ഷിക്കുന്നതിന് ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."