കര്‍ണാടകയില്‍ സര്‍ക്കാരിനെതിരേ ആക്ഷേപവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയും തമ്മിലുള്ള പോര് മറനീക്കി പുറത്തുവരുന്നു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇന്നലെ പരമേശ്വര ആരോപിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പരമേശ്വരയുടെ ആരോപണം. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ നല്ല ബന്ധമുണ്ടായിരിക്കണം.
ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയണം. അതിനനുസരിച്ച് പാര്‍ട്ടിയുമായി ചേര്‍ന്നുവേണം സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ പ്രശ്നങ്ങളില്‍ സിദ്ധരാമയ്യയും പരമേശ്വരയും തുറന്ന ഏറ്റുമുട്ടലിലാണ്. അതിന്റെ പ്രതിഫലനമായിരുന്നു ഇന്നലെയുണ്ടായതെന്നും പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ പറഞ്ഞു. മന്ത്രിമാരുടെ അടുത്തെത്താന്‍പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയാത്ത സാഹചര്യമുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, എല്ലാവരും ഐക്യത്തോടെ വേണം തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്.
കോണ്‍ഗ്രസ് എന്ന പാണ്ഡവര്‍ ബി.ജെ.പിയെന്ന കൗരവരെയാണ് നേരിടുന്നതെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."