മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനിലെത്തി
മനാമ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരമാണ് ലഭിച്ചത്.
തിരുവനന്തപുരത്തുനിന്നും രാത്രി 12.10നുള്ള ഗള്‍ഫ് എയര്‍വിമാനത്തിലെത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈന്‍ കിരീടാവകാശിയുടെ കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്ദാ യിജ് അല്‍ ഖലീഫയുടെയും ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രമുഖ പ്രവാസി വ്യവസായികളായ ഡോ. രവി പിള്ള, വര്‍ഗീസ് കുര്യന്‍, ബഹ്‌റൈന്‍ പ്രതിഭ നേതാക്കളായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, ശ്രീജിത്, മഹേഷ്, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, സെക്രട്ടറി എന്‍കെ വീരമണി, സോമന്‍ ബേബി തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ എന്നിവരും അദ്ദേഹത്തൊടൊപ്പം ബഹ്‌റൈനിലെത്തിയിട്ടുണ്ട്.
ബഹ്‌റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രിയുടെ പ്രഥമ ബഹ്‌റൈന്‍ സന്ദര്‍ശനം.
വെള്ളിയാഴ്ച രാവിലെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടവകാശി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
വൈകീട്ട് 5 ന് കേരളീയ സമാജത്തിന്റെ 70ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ബഹ്‌റൈന്‍ കിരീടവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ചടങ്ങില്‍ സംബന്ധിക്കും.
വെള്ളിയാഴ്ച രാവിലെ 9.30ന് പ്രഥമ കൈരളി ബഹ്‌റൈന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. ഡിപ്ലൊമാറ്റ് റാഡിസണ്‍ ഹോട്ടലിലാണ് ചടങ്ങ്.
വൈകീട്ട് 5ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന പൗര സ്വീകരണത്തില്‍ മുഖ്യമന്ത്രി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. ബഹ്‌റൈനിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് രാത്രി 7ന് മുഖ്യമന്ത്രി ബഹ്‌റൈന്‍ മ്യൂസിയം സന്ദര്‍ശിക്കും.
11ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന ബിസിനസ് സംഗമത്തില്‍ മുഖ്യമന്ത്രിയും ബഹ്‌റൈനിലെ വിവിധ മന്ത്രിമാരും പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം ചരിത്ര സംഭവമാക്കാന്‍ വന്‍ ഒരുക്കമാണ് നടക്കുന്നത്. സ്വീകരണ സമ്മേളനത്തിനായി സമാജം ഒരുങ്ങി. ബഹ്‌റൈന്‍ പ്രതിഭ മുതിര്‍ന്ന നേതാവ് സിവി നാരായണന്‍ ജനറല്‍ കണ്‍വീനറും കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള ചെയര്‍മാനുമായി 500 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ബഹ്‌റൈന്‍ കിരീടാവകാശിയുടെ അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നത് ഇത് ആദ്യമായാണ്. അതു കൊണ്ടു തന്നെ പ്രമഖു രാഷ്ട്രത്തലവന്‍മാര്‍ക്ക് ലഭിക്കുന്ന സ്വീകരണവും പ്രോട്ടോകോളുമാണ് മുഖ്യമന്ത്രിക്ക് ബഹ്‌റൈനില്‍ ലഭിക്കുന്നത്. കൂടാതെ പ്രവാസികാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ആദ്യ ബഹ്‌റൈന്‍ സന്ദര്‍ശനമാണിത് എന്നതിനാല്‍ തങ്ങള്‍ക്കനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."