ആശാനോട് തോറ്റു: ജംഷഡ്പൂര്‍ എഫ്.സി 2-1 കേരള ബ്ലാസ്റ്റേഴ്‌സ്
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങി. മുന്‍ പരിശീലകന്‍ കോപ്പലാശാന്റെ കീഴില്‍ ഇറങ്ങിയ ജംഷഡ്പൂര്‍ എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി.
ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനമേറ്റ ശേഷം ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ആദ്യ തോല്‍വി കൂടിയാണിത്. കളി തുടങ്ങി 22ാം സെക്കന്‍ഡില്‍ ഗോളടിച്ച് ജെറി മവിമിങ്തംഗയും 31ാം മിനുട്ടില്‍ ആഷിം ബിശ്വാസും നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ തന്നെ ജംഷഡ്പൂര്‍ മുന്നിലെത്തി. ഒടുവില്‍ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സിഫ്‌നിയോസിലൂടെ ബ്ലാസ്റ്റേഴ്‌സ് ആശ്വാസ ഗോള്‍ നേടുകയായിരുന്നു.
കളി തുടങ്ങി ഒരു മിനുട്ട് തികയും മുന്‍പ് ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുങ്ങിയത് ഇരുട്ടടിയായി മാറി. അപ്രതീക്ഷിത ഗോളില്‍ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് താളം തെറ്റി. കിക്കോഫ് മുതല്‍ ആക്രമണം തുടങ്ങിയ ജംഷഡ്പൂര്‍ അതിന്റെ ഫലം ക്ഷണത്തില്‍ തന്നെ അനുഭവിക്കുന്ന കാഴ്ച്ച. ആഷിം ബിശ്വാസിന്റെ ഗോള്‍ ശ്രമം പാളിയപ്പോള്‍ ബോക്‌സില്‍ വച്ച് വീണുകിട്ടിയ അവസരം ജെറി ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ വലയിലാക്കുകയായിരുന്നു.
താരം പന്ത് വലയിലാക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ റചുബ്ക നിസഹായനായിരുന്നു. ആദ്യ ഗോള്‍ പിഴച്ചതിന് ആഷിം ബിശ്വാസ് രണ്ടാം ഗോള്‍ ടീമിന് സമ്മാനിച്ച് പ്രായശ്ചിത്തം ചെയ്തതോടെ ജംഷഡ്പൂര്‍ ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ഗോളിന് മുന്നില്‍. കളിയുടെ ആദ്യ പകുതിയില്‍ പന്തടക്കത്തിലും ടാറ്റ ടീം മുന്നില്‍ നിന്നു. ആദ്യ രണ്ട് ഗോളുകളും കേരളത്തിന്റെ നായകന്‍ സന്ദേശ് ജിങ്കനടക്കമുള്ള പ്രതിരോധ നിരയുടെ പിഴവില്‍ നിന്നാണ് ജംഷഡ്പൂര്‍ വലയിലാക്കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ മധ്യനിരയില്‍ കളി മെനഞ്ഞ കിസിറ്റോ കെസിറോണിന് ആദ്യ പകുതിയില്‍ തന്നെ പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി മാറി.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണവുമായി ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞതോടെ പോരാട്ടം കനത്തു. ഈ ഘട്ടത്തില്‍ പന്ത് കൈവശം വച്ച് കളിച്ചത് ബ്ലാസ്റ്റേഴ്‌സായിരുന്നു. തുടക്കത്തിലെ ആക്രമണ ഫുട്‌ബോളില്‍ നിന്ന് ജംഷഡ്പൂര്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങള്‍ ലക്ഷ്യത്തിലെത്താതെ പോയി. ലോങ് ബോളുകളും കൗണ്ടര്‍ അറ്റാക്കുകളുമായിരുന്നു പിന്നീട് കോപ്പലാശാന്‍ പരീക്ഷിച്ച തന്ത്രം. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഹ്യൂമിന്റെ പകരക്കാരനായി കളത്തിലെത്തിയ സിഫ്‌നിയോസ് ഗോള്‍ നേടി ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ഭാരം കുറച്ചത് മാത്രം ആശ്വാസമായി.
ഐ.എസ്.എല്ലില്‍ ജംഷഡ്പൂര്‍ സ്വന്തം തട്ടകത്തില്‍ നേടുന്ന ആദ്യ വിജയമാണിത്. നേരത്തെ കൊച്ചിയില്‍ എവേ പോരാട്ടത്തിനെത്തിയ ജംഷഡ്പൂര്‍ അന്ന് ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചിരുന്നു. വിജയത്തോടെ മൂന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായത്. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുന്നു. വിജയത്തോടെ ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്ത്.
ഐ.എസ്.എല്ലിലെ
വേഗമേറിയ ഗോളിനുടമ
ഇനി ജെറി
ജംഷഡ്പൂര്‍: ഐ.എസ്.എല്‍ ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കോര്‍ഡ് ജംഷഡ്പൂര്‍ താരം ജെറി മവിമിങ്തംഗ നേടിയ ഗോളിന്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടത്തിന്റെ 22ാം സെക്കന്‍ഡില്‍ വല ചലിപ്പിച്ചാണ് താരം തന്റെ പേര് ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തിയത്.
മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ക്രിസ് ദഗ്നല്‍ 29ാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് 20കാരനായ താരം തിരുത്തിയെഴുതിയത്. ശിവാജിയന്‍സ് അക്കാദമിയിലൂടെയാണ് ജെറി പ്രൊഫഷണല്‍ താരമായത്. നേരത്തെ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനായി താരം വായ്പാടിസ്ഥാനത്തില്‍ ഐ.എസ്.എല്ലില്‍ കളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."